തീവ്രവാദി ആക്രമണം: പഹൽഗാം ആക്രമണത്തിൽ പങ്കെടുത്തവരിൽ 3 പേരുടെ ചിത്രം പുറത്ത്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ആറ് തീവ്രവാദികളിൽ മൂവരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരാണ് പുറത്ത് വന്ന ചിത്രങ്ങളിലുള്ളത്. തിരിച്ചറിഞ്ഞവരിൽ രണ്ട് പേർ കശ്മീരിലെ സ്വദേശികളാണ്. സംഘത്തിലെ രണ്ടുപേർ പാകിസ്താൻ പൗരന്മാരാണെന്നും ഇവർ ലഷ്ക്കർ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്നുമാണ് സൂചന.
അഫ്ഗാനിസ്ഥാനിലെ പഷ്തോ ഭാഷ സംസാരിക്കുന്നവരും സംഘത്തിലുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ആസ്ഥാനത്താണ് ആക്രമണത്തിന് നിർദേശം നൽകിയതെന്നും അതിന് പിന്നിലെ പ്രധാനമസ്തിഷ്‌കം ലഷ്കർ ഇ ത്വയ്ബയുടെ ഭീകരനായ സൈഫുള്ള കസൂരിയാണെന്നുമാണ് രഹസ്യാന്വേഷണ വിവരങ്ങൾ വ്യക്തമാക്കുന്നത്.
പഹൽഗാം വിനോദസഞ്ചാര കേന്ദ്രത്തിൽ നടന്ന വെടിവെയ്പ്പിൽ നിരവധി സഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രാദേശിക ഭീകരരെയും തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. അവരുടെ പേരുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഭീകരർക്കെതിരെയുള്ള തിരച്ചിൽ സൈന്യം ശക്തമാക്കിയിട്ടുണ്ട്. ബയ്സരൺ വനമേഖലയിലായി നാല് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വ്യാപകമായ പരിശോധനയും നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേസമയം, പാകിസ്താൻ ആക്രമണവുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്ന നിലപാട് ആവർത്തിച്ചു.