ദില്ലിയിൽ കനത്ത പുകമഞ്ഞ്; കാഴ്ചപരിധി പൂജ്യം, ഗതാഗതം പൂര്‍ണമായി താറുമാറായി
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ കനത്ത പുകമഞ്ഞ് ജനജീവിതം ദുസ്സഹമാക്കി. കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് കുറഞ്ഞതോടെ റോഡ് ഗതാഗതവും വ്യോമഗതാഗതവും ഗുരുതരമായി ബാധിച്ചു. നഗരത്തിലെ പ്രധാന റോഡുകളിലുടനീളം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പല സ്ഥലങ്ങളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി.
വ്യോമഗതാഗതത്തിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. ദില്ലി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 വിമാന സർവീസുകൾ റദ്ദാക്കി. 150ലധികം സർവീസുകൾ വൈകുകയും നാല് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത പുകമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ടു ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചു. ഇൻഡിഗോയും സ്പൈസ് ജെറ്റും വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായുമലിനീകരണം രൂക്ഷമായതും താപനിലയിൽ ഉണ്ടായ കുത്തനെ ഇടിവുമാണ് ദില്ലിയിൽ പുകമഞ്ഞ് ശക്തമാകാൻ പ്രധാന കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 8.2 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ദില്ലിയിലെ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലാണ്. ഇന്ന് ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 456 ആയി രേഖപ്പെടുത്തി, ഇത് ആരോഗ്യത്തിന് അതീവ അപകടകരമായ നിലയാണെന്ന് അധികൃതർ അറിയിച്ചു.
വായുമലിനീകരണം നിയന്ത്രിക്കാൻ സർക്കാർ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ, വാഹന ഗതാഗത നിയന്ത്രണം, ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം തുടങ്ങിയവയിൽ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധർ കുട്ടികൾക്കും വയോധികർക്കും ശ്വാസകോശ രോഗികള്‍ക്കും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കുമെന്ന് അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. പാർലമെന്റിലും വിഷയത്തിൽ പ്രതിഷേധം ശക്തമായി. കോൺഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയും മാണിക്കം ടാഗോറും വായുമലിനീകരണം സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകി. വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.









































































































































































































































































































































