മാർച്ച്‌ 7, 2026
#latest news #Movies #Trending News

‘ദൃശ്യം 3’ ഏപ്രില്‍ ആദ്യ വാരം തിയറ്ററുകളില്‍; റിലീസ് സൂചനയുമായി ജീത്തു ജോസഫ്

Drishyam 3 Release Date

കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ദൃശ്യം 3’യുടെ റിലീസിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന് ഒടുവില്‍ വിരാമമായി. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് സമയത്തെക്കുറിച്ച് ഔദ്യോഗിക സൂചന നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മലയാളം ഒറിജിനല്‍ പതിപ്പ് 2026 ഏപ്രില്‍ ആദ്യ വാരം തിയറ്ററുകളില്‍ എത്തും എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

രാജഗിരി ആശുപത്രിയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ജീത്തു ജോസഫ് ദൃശ്യം 3യുടെ റിലീസ് പ്ലാന്‍ വെളിപ്പെടുത്തിയത്. “ദൃശ്യം എന്ന സിനിമ വലിയൊരു വിഭാഗം ആളുകളെ മാനസികമായി സ്വാധീനിച്ച പ്രോജക്ടാണ്. അതുകൊണ്ട് തന്നെ അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വലിയ ഉത്തരവാദിത്തബോധമാണ് ഉള്ളില്‍. വലിയ വാഗ്ദാനങ്ങളൊന്നുമില്ലാതെ, ഏപ്രില്‍ ആദ്യ വാരം പ്രേക്ഷകര്‍ക്ക് ചിത്രം കാണാം. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകും,” എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

മലയാളവും ഹിന്ദിയും ഒരേ വര്‍ഷം

പ്രത്യേകതയുള്ള മറ്റൊരു വശം, ദൃശ്യം 3-ന്റെ മലയാളം ഒറിജിനലും ഹിന്ദി റീമേക്കും ഒരേ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും എന്നതാണ്. അഭിഷേക് ബച്ചന്‍ നായകനാകുന്ന ഹിന്ദി പതിപ്പ് അഭിഷേക് പതക് സംവിധാനം ചെയ്യുന്നു. ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ചിത്രം ഒക്ടോബര്‍ 2ന് തിയറ്ററുകളിലെത്തും.

മലയാളം പതിപ്പിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും, റിലീസ് തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. അതാണ് ജീത്തു ജോസഫിന്റെ പുതിയ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

‘വലതുവശത്തെ കള്ളന്‍’ ആദ്യം

ദൃശ്യം 3യ്ക്ക് മുന്‍പ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തുന്ന മറ്റൊരു ചിത്രത്തെക്കുറിച്ചും അദ്ദേഹം വേദിയില്‍ സൂചിപ്പിച്ചു. ‘വലതുവശത്തെ കള്ളന്‍’ എന്ന ചിത്രം ജനുവരി 30ന് റിലീസ് ചെയ്യും. “ഒരു നല്ല സിനിമയായിരിക്കും. അതിനെക്കുറിച്ച് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്,” എന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

പനോരമ സ്റ്റുഡിയോസിന് അവകാശങ്ങള്‍

അതേസമയം, ദൃശ്യം 3 മലയാളം ഒറിജിനലിന്റെ ആഗോള തിയറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ ഹിന്ദി പതിപ്പിന്റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. പനോരമ സ്റ്റുഡിയോസും അവരുടെ പങ്കാളിയായ പെന്‍ മൂവീസും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മോഹന്‍ലാല്‍, ജീത്തു ജോസഫ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

“വര്‍ഷങ്ങളായി എന്റെ ചിന്തകളിലും പ്രേക്ഷകരുടെ വികാരങ്ങളിലും ജീവിക്കുന്ന കഥാപാത്രമാണ് ജോര്‍ജുകുട്ടി. ഒരു പഴയ സുഹൃത്തിനെ പുതിയ രഹസ്യങ്ങളുമായി വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് അവനിലേക്കുള്ള മടങ്ങിവരവ്. അവന്റെ യാത്ര ഇനി എവിടേക്കാണ് നീങ്ങുന്നത് എന്നത് പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുകയാണ്,” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ദൃശ്യം പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങളും നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍, ദൃശ്യം 3 മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി മാറുമെന്നാണ് ട്രേഡ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു