മാർച്ച്‌ 7, 2026
#latest news #News

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ; കേരളത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Deep Depression to hit Sri Lanka

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ഈ കാലാവസ്ഥാ പ്രതിഭാസം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിയാർജ്ജിച്ചാണ് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നത്. ഇന്ന് വൈകുന്നേരമോ രാത്രിയോ ശ്രീലങ്കയിലെ ഹബൻടോട്ടയും കാൽമുനായിയും തമ്മിലുള്ള തീരപ്രദേശത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ജനുവരി 12 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും നേരിയതോ ഇടത്തരംതോ ആയ മഴ ലഭിക്കുമെങ്കിലും ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 10 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴ എന്നത് 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് വിശദീകരിച്ചു. മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതും മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതായി അധികൃതർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് ജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത

നിലവിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും തമിഴ്‌നാട് തീരപ്രദേശം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കാലാവസ്ഥയിലെ മാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുന്നറിയിപ്പുകൾ തുടർന്നും നൽകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു