മാർച്ച്‌ 7, 2026
#latest news #News

റോഡ് അപകടത്തിൽപ്പെട്ടവർക്ക് 5 ദിവസം സൗജന്യ ചികിത്സ; 2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങൾ

Kerala Budget 2026: Free Treatment for Road Accident Victims

തിരുവനന്തപുരം:
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന സംസ്ഥാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങളുടെ വാരിക്കോരി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026-ലെ സംസ്ഥാന ബജറ്റ് സാധാരണക്കാർക്കും സർക്കാർ ജീവനക്കാർക്കും ക്ഷേമവിഭാഗങ്ങൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. രാവിലെ 9 മണിയോടെ ആരംഭിച്ച ബജറ്റ് അവതരണം 2 മണിക്കൂർ 53 മിനിറ്റ് നീണ്ടുനിന്നു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ ശക്തമായി വിമർശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ തുടക്കം. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാമൂഹ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സർക്കാർ ശക്തമായ ഇടപെടൽ തുടരുമെന്നതാണ് ബജറ്റിലൂടെ സർക്കാർ വ്യക്തമാക്കുന്നത്.

റോഡ് അപകടങ്ങളിൽ പെട്ടവർക്ക് സൗജന്യ ചികിത്സ

2026 സംസ്ഥാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാണ് റോഡ് അപകടത്തിൽപ്പെടുന്ന എല്ലാവർക്കും ആദ്യ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന ‘ലൈഫ് സേവർ പദ്ധതി’. സർക്കാർ ആശുപത്രികളിലും പദ്ധതി ഉൾപ്പെടുത്തിയ സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും.

കൂടാതെ ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും അപകട ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനും ബജറ്റിൽ തീരുമാനമായി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 15 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.

ക്ഷേമ മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ

അങ്കണവാടി, ആശാ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയവരുടെ വേതനം വർധിപ്പിച്ചു.

  • അങ്കണവാടി വർക്കർമാർക്ക് 1000 രൂപ

  • അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപ

  • ആശാ വർക്കർമാർക്ക് 1000 രൂപ

  • പ്രീ-പ്രൈമറി അധ്യാപകർക്ക് 1000 രൂപ

  • സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിദിനം 25 രൂപ വർധന

കാൻസർ, ലെപ്രസി, എയ്ഡ്സ്, ക്ഷയരോഗം എന്നിവ ബാധിച്ചവരുടെ പെൻഷനും 1000 രൂപ വർധിപ്പിച്ചു.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ അഞ്ചുവർഷതത്വം തുടരുന്ന ഇടതുപക്ഷ നയത്തിന്റെ ഭാഗമായി 12-ാം പേ റിവിഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിച്ച് സമയബന്ധിതമായി നടപ്പാക്കും.

ബാക്കിയുള്ള DA, DR കുടിശ്ശികകൾ പൂർണമായി നൽകുമെന്നും, ആദ്യ ഗഡു ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകുമെന്നും മന്ത്രി അറിയിച്ചു.
അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ നിലവിൽ വരും. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാണ്.

ആരോഗ്യം, ഗതാഗതം, വികസനം

  • ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ

  • അപൂർവ രോഗ ചികിത്സാ പദ്ധതി KARE-ൽ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് 30 കോടി

  • തിരുവനന്തപുരം–കാസർഗോഡ് RRTS പദ്ധതി – 100 കോടി

  • തിരുവനന്തപുരം–അങ്കമാലി MC റോഡ് വികസനം – 5217 കോടി (KIIFB)

  • ഇലക്ട്രിക് ഓട്ടോ പ്രോത്സാഹനം, സ്ക്രാപ്പേജ് ബോണസ്, ചാർജിംഗ് യൂണിറ്റുകൾ

സാമൂഹിക സുരക്ഷയും തൊഴിലും

  • ക്ഷേമ പെൻഷനുകൾക്ക് 14,500 കോടി

  • ഗിഗ് തൊഴിലാളികൾക്ക് ഗിഗ് ഹബ്

  • വർക്ക് നിയർ ഹോം പദ്ധതി വിപുലീകരണം

  • മുതിർന്ന പൗരന്മാർക്ക് ഓൺ-കോൾ വോളന്റിയർ സേവനം

  • സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3720 കോടി

ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സാമൂഹ്യ ക്ഷേമം ഉറപ്പാക്കുന്ന ബജറ്റാണിതെന്ന് സർക്കാർ അവകാശപ്പെടുന്നു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു