വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റ്; ‘ഹൈ സ്പിരിറ്റ്‌സ്’ പ്രവർത്തനം തുടങ്ങി
കൊച്ചി: പ്രീമിയം മദ്യ വിപണിയെ ലക്ഷ്യമിട്ട് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) വൈറ്റില മെട്രോ സ്റ്റേഷനിൽ ‘ഹൈ സ്പിരിറ്റ്‌സ് – എ ബെവ്‌കോ ബൂട്ടിക്’ എന്ന പ്രീമിയം ഔട്ട്‌ലെറ്റ് ആരംഭിച്ചു. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ആദ്യ കുപ്പി വിസ്കി വാങ്ങിയത് ലോക്നാഥ് ബെഹ്‌റ തന്നെയായിരുന്നു. അദ്ദേഹം വാങ്ങിയ കുപ്പി എക്‌സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിന് കൈമാറി.
രാജ്യാന്തര നിലവാരത്തിലുള്ള പ്രീമിയം മദ്യവിപണന കേന്ദ്രമായി രൂപകൽപ്പന ചെയ്ത ഈ ഔട്ട്‌ലെറ്റിൽ വിവിധ അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടെ ഏകദേശം 7000 കേസുകൾ മദ്യം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഉയർന്ന വരുമാന വിഭാഗം, ഐടി മേഖലയിലെ ജീവനക്കാർ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഈ ബൂട്ടിക് മാതൃകയിൽ ഔട്ട്‌ലെറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സീൽ പൊട്ടിക്കാത്ത മദ്യകുപ്പികൾ മാത്രമേ മെട്രോ യാത്രയ്ക്കിടെ കൊണ്ടുപോകാൻ അനുവദിക്കൂ എന്ന വ്യവസ്ഥയും നിലവിലുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഔട്ട്‌ലെറ്റിൽ ഒരുക്കിയിട്ടുണ്ട്. വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലും ഇത്തരത്തിലുള്ള ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നതിനായി കഴിഞ്ഞ വർഷം ഏപ്രിലിൽ കെഎംആർഎല്ലും ബെവ്‌കോയും തമ്മിൽ ധാരണയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
നഗരത്തിലെ ലൈഫ്‌സ്റ്റൈൽ ഷോപ്പിംഗ് സംസ്കാരവുമായി ചേർന്നുനിൽക്കുന്ന രീതിയിലാണ് പുതിയ ഔട്ട്‌ലെറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ബെവ്‌കോ സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.









































































































































































































































































































































