മാർച്ച്‌ 7, 2026
#latest news #News

ശബരിമല സ്വർണക്കൊള്ള കേസ്: ഇഡി അന്വേഷണം, മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്

Sabarimala gold theft case

കൊല്ലം:
ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഔദ്യോഗിക അന്വേഷണം നടത്തുമെന്ന് കൊല്ലം വിജിലൻസ് കോടതി. കേസുമായി ബന്ധപ്പെട്ട എഫ്ഐആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് ഇഡിക്ക് കൈമാറുന്നതിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. സമാന്തര അന്വേഷണം നടക്കുന്നത് കേസിന്റെ പുരോഗതിയെ ബാധിക്കുമെന്നും, കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തടസ്സമാകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി, കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന എസ്ഐടി നിലപാട് തന്നെ ഇഡി അന്വേഷണത്തിന് വഴിയൊരുക്കുന്നതാണെന്ന് നിരീക്ഷിച്ചു. ഇതോടെയാണ് മുഴുവൻ രേഖകളും ഇഡിക്ക് നൽകാൻ കോടതി നിർദേശം നൽകിയത്.

ശബരിമല ശ്രീകോവിലുമായി ബന്ധപ്പെട്ട സ്വർണക്കവ‍ർച്ച കേസ് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ അഴിമതി കേസുകളിലൊന്നായി മാറിയിരിക്കുകയാണ്. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നിലവിലുള്ളത്. സ്വർണപ്പാളികൾ നീക്കം ചെയ്യുകയും അവ ചെമ്പാണെന്ന് രേഖപ്പെടുത്തുകയും ചെയ്തതിലൂടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ജാമ്യാപേക്ഷ തള്ളി

ഇതിനിടെ, കേസിലെ പ്രധാന പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് തെറ്റായി രേഖപ്പെടുത്തി അവ നീക്കം ചെയ്യാൻ ശുപാർശ നൽകിയെന്നാണ് എൻ. വാസുവിനെതിരായ ആരോപണം. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി കവർച്ചയ്ക്ക് വഴിയൊരുക്കിയെന്നതാണ് മുരാരി ബാബുവിനെതിരായ കേസ്.

ഇഡി അന്വേഷണം ആരംഭിക്കുന്നതോടെ കേസിൽ കള്ളപ്പണ ഇടപാട്, സ്വർണം എവിടെ എത്തി, ആരൊക്കെ സാമ്പത്തിക നേട്ടം കൈവരിച്ചു തുടങ്ങിയ കാര്യങ്ങൾ കൂടുതൽ വ്യക്തമായേക്കുമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്. ഇത് കേസിൽ പുതിയ വഴിത്തിരിവുകൾക്ക് ഇടയാക്കുമെന്നാണ് സൂചന.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു