മാർച്ച്‌ 7, 2026
#latest news #News #Top News

സ്കൂൾ ക്ലാസ്മുറികളിൽ ചരിത്രപരമായ മാറ്റങ്ങൾ; ‘നോ ബാക്ക് ബെഞ്ചേഴ്സ്’ ആശയവും ബാഗ് ഭാരക്കുറവും നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ

Kerala School Reform

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കുന്നതിന് ലക്ഷ്യമിട്ട് രണ്ട് നിർണായക പരിഷ്‌കരണങ്ങൾക്ക് സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. കുട്ടികളുടെ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുകയും ക്ലാസ് മുറികളിൽ ‘ബാക്ക് ബെഞ്ചേഴ്സ്’ എന്ന ആശയം ഇല്ലാതാക്കി എല്ലാവർക്കും സമാന പങ്കാളിത്തമുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തിയാണ് ഈ നിർദ്ദേശങ്ങൾ തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. പഠനം ഒരു സമ്മർദ്ദമായി മാറാതിരിക്കാനും, കുട്ടികൾക്ക് കൂടുതൽ സ്വതന്ത്രമായി ക്ലാസ്മുറിയിൽ ഇടപെടാനുമുള്ള സാഹചര്യമാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ക്ലാസ് മുറികളിൽ മുൻ നിരയും പിന്നിലിരിപ്പും ഇല്ലാതാക്കി, എല്ലാവർക്കും ഒരുപോലെ അധ്യാപകനോടും പഠനപ്രക്രിയയോടും അടുപ്പം ലഭിക്കുന്ന രീതിയിലായിരിക്കും സീറ്റിംഗ് സംവിധാനങ്ങൾ പുനഃക്രമീകരിക്കുക.

ഈ വിഷയങ്ങളിൽ വിശദമായ പഠനം നടത്താൻ നേരത്തെ എസ്.സി.ഇ.ആർ.ടി (SCERT)യെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി പരിശോധിക്കുകയും കരട് രൂപത്തിൽ അംഗീകാരം നൽകുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കരട് റിപ്പോർട്ട് പൊതുജനാഭിപ്രായത്തിനായി തുറന്നുവിടാനും തീരുമാനിച്ചിട്ടുണ്ട്.

റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൊതുജനം എന്നിവർക്ക് ജനുവരി 20 വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കി വരുന്ന അധ്യയന വർഷം തന്നെ ഈ പരിഷ്‌കരണങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.

ഈ മാറ്റങ്ങൾ കുട്ടികളുടെ പഠനാനുഭവം കൂടുതൽ ആനന്ദകരമാക്കുമെന്നും, വിദ്യാലയങ്ങളെ കൂടുതൽ ജനാധിപത്യപരവും ശിശുസൗഹൃദവുമാക്കാൻ സഹായിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു