‘വൈസ് ക്യാപ്റ്റൻ മാറ്റാനാവില്ലെന്ന് ഇല്ല’; സഞ്ജു സാംസണായി വാദിച്ച് മുഹമ്മദ് കൈഫ്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റം വരുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ്. ഓപ്പണർ സ്ഥാനത്ത് തുടർച്ചയായി പരാജയപ്പെടുന്ന ശുഭ്മാൻ ഗില്ലിന് വിശ്രമം നൽകി സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തേണ്ട സമയമായെന്ന നിലപാടാണ് കൈഫ് മുന്നോട്ടുവച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇരുടീമുകളും നിലവിൽ 1–1ന് ഒപ്പമായ സാഹചര്യത്തിലാണ് കൈഫിന്റെ പ്രതികരണം.
ആദ്യ ടി20യിൽ ഇന്ത്യ വമ്പൻ ജയം നേടിയെങ്കിലും രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു. ഇരു മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ ഗില്ലിന് രണ്ടക്ക സ്കോർ നേടാനായില്ല. ആദ്യ മത്സരത്തിൽ നാല് റൺസിനും രണ്ടാം മത്സരത്തിൽ റൺസെടുക്കാതെയും ഗിൽ മടങ്ങി. ഇതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ ശക്തമായത്.
ഗില്ലിന്റെ ബാറ്റിംഗ് രീതിയെ വിമർശിച്ചാണ് കൈഫ് സംസാരിച്ചത്.
“ഗിൽ പുറത്താകുന്ന രീതികൾ ശ്രദ്ധിക്കണം. രണ്ടാം ടി20യിൽ സ്ലിപ്പിലേക്ക് ക്യാച്ച് നൽകി പുറത്തായി. ക്രീസിന് പുറത്തേക്ക് ഇറങ്ങി ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ടൈമിംഗ് തെറ്റുന്നു. അഭിഷേക് ശർമയെ അനുകരിച്ച് ആക്രമിച്ച് കളിക്കാനാണ് ശ്രമിക്കുന്നത്. കഴിവുണ്ട്, പക്ഷേ ഇപ്പോൾ ഫലം വരുന്നില്ല. ഇത്തരം സാഹചര്യത്തിൽ ഗില്ലിന് ഇടവേള നൽകി മറ്റ് ഫോമിലുള്ള കളിക്കാരെ പരീക്ഷിക്കണം,” കൈഫ് പറഞ്ഞു.
സഞ്ജു സാംസനെ കുറിച്ചും കൈഫ് ശക്തമായി പ്രതികരിച്ചു.
“സഞ്ജു സാംസൺ ടോപ് ക്ലാസ് കളിക്കാരനാണ്. എന്നാൽ ആവശ്യമായ അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. വൈസ് ക്യാപ്റ്റൻമാരെ മുൻപും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമിന്റെ താൽപ്പര്യമാണ് പ്രധാനം. ഇരട്ടത്താപ്പ് പാടില്ല,” കൈഫ് കൂട്ടിച്ചേർത്തു.
ഓപ്പണറായി ടി20യിൽ മൂന്ന് സെഞ്ചുറികൾ നേടിയിട്ടുള്ള സഞ്ജുവിനെ ഗില്ലിന് പകരം ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകർക്കിടയിലും മുൻ താരങ്ങളിലുമുണ്ട്. എന്നാൽ നാളത്തെ മൂന്നാം ടി20യിൽ ടീമിൽ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നിരുന്നാലും ഗില്ലിന്റെ തുടർച്ചയായ പരാജയം ടീം മാനേജ്മെന്റിന് തലവേദനയാകുന്നുണ്ട്.









































































































































































































































































































































