സഞ്ജു സാംസണ് ടീമിലെത്തുമോ? മറുപടിയുമായി സൂര്യകുമാര്‍ യാദവ്
അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026 സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നായകന് സൂര്യകുമാര്‍ യാദവ്. പ്രത്യേകിച്ച് സഞ്ജു സാംസണ് ടീമിലെത്തുമോ എന്ന ചര്‍ച്ചകള്‍ക്കാണ് സൂര്യ വ്യക്തമായ മറുപടി നല്‍കിയത്.
അഭിഷേക് ശര്‍മ്മയുടെ തുടര്‍ച്ചയായ മോശം ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂര്യ വ്യക്തമാക്കി. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും റണ്‍സ് കണ്ടെത്താന്‍ അഭിഷേകിന് സാധിച്ചിരുന്നില്ലെങ്കിലും ടീം മാനേജ്മെന്റ് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നാണ് നായകന് പറഞ്ഞു.
“ഇത് വ്യക്തിഗത പ്രകടനങ്ങളുടെ കളിയല്ല, ടീം ഗെയിമാണ്. കഴിഞ്ഞ വര്‍ഷം അഭിഷേക് ടീമിനെ മുന്നോട്ട് നയിച്ചു. ഇപ്പോള്‍ അവന് വേണ്ടി ടീം നിലകൊള്ളുകയാണ്,” സൂര്യകുമാര്‍ പറഞ്ഞു.
സഞ്ജു സാംസണ് ടീമില്‍ ഇടം നേടുമോ എന്ന ചോദ്യത്തിന് സൂര്യ നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. നിലവില്‍ ടീം വിജയപഥത്തിലാണെന്നും, ജയിക്കുന്ന ടീമില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഉയര്‍ന്ന സ്കോര്‍ കണ്ടെത്തുകയാണ് ടീമിന്റെ ലക്ഷ്യം. അഭിഷേകിനും തിലക് വര്‍മ്മയ്ക്കും പിന്തുണയുണ്ട്. ജയിക്കുന്ന ടീമില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല,” സൂര്യ പറഞ്ഞു.
ഈ ലോകകപ്പിലെ പിച്ചുകള്‍ ബാറ്റിംഗ് സൗഹൃദമല്ലെന്നും, വെല്ലുവിളികളെ നേരിടാന്‍ ടീം തയ്യാറാണെന്നും നായകന് കൂട്ടിച്ചേര്‍ത്തു.
അഭിഷേക് ശര്‍മ്മയുടെ അടുത്തകാലത്തെ പ്രകടനം നിരാശാജനകമായിരുന്നുവെങ്കിലും, 2025-ല്‍ 21 മത്സരങ്ങളില്‍ നിന്ന് 193.46 സ്ട്രൈക്ക് റേറ്റില്‍ 859 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ കഴിവിനെ ടീം വിശ്വസിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവസരം തുടരുന്നത്.
ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കലും അഭിഷേകിനെ പിന്തുണച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ടീമിനുള്ളില്‍ ആശങ്കകളില്ലെന്നും, അദ്ദേഹം ലോകോത്തര താരമാണെന്നും മോര്‍ക്കല്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ അഭിഷേക് ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ.









































































































































































































































































































































