തമിഴ്‌നാട് സംസ്ഥാന അവകാശങ്ങള്‍ വിലയിരുത്താന്‍ സമിതി രൂപീകരിച്ചു

സംസ്ഥാന അധികാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുതാര്യമായി വിലയിരുത്താൻ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍കൈയെടുത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മൂന്നു അംഗ സമിതിയെ പ്രഖ്യാപിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനാകും. മുന്‍ ഐഎഎസ് ഓഫീസര്‍ അശോക് വര്‍ദ്ധന്‍ ഷെട്ടിയും പ്രൊഫസര്‍ എം. നാഗനാഥനും അംഗങ്ങളാണ്.
ഫെഡറല്‍ തത്വങ്ങളുടെ പ്രസക്തിയും, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തതകളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനവുമാണ് സമിതിയുടെ ലക്ഷ്യം. കേന്ദ്രം സംസ്ഥാന അധികാരങ്ങളില്‍ പരിധി കടക്കുന്നുവെന്ന ആരോപണവുമായി പല അവസരങ്ങളിലും സ്റ്റാലിന്‍ മുന്നോട്ട് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിച്ചത്.
ഭരണഘടനാഭേദഗതികള്‍ ആവശ്യമായ സാഹചര്യത്തിൽ ശുപാർശ ചെയ്യാനും, അടുത്ത രണ്ടുവർഷത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. 1969-ല്‍ കരുണാനിധി നിയോഗിച്ച രാജമണ്ണാര്‍ സമിതിയുടെ മാതൃകയിലാണ് ഈ പുതിയ നീക്കം. തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സര്‍ക്കാരിന്‍റെ ശക്തമായ രാഷ്ട്രീയ നിലപാടായി ഇതിനെ വിലയിരുത്തുന്നു.