കാസർകോട്: എസ്ഐആർ ചുമതല നിർവഹിക്കുന്നതിനിടെ ബിഎൽഒ കുഴഞ്ഞുവീണു
കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി അധ്യാപികയും ബിഎൽഒയുമായ ശ്രീജ ഇന്ന് രാവിലെ എസ്ഐആർ ജോലിക്കിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണു. ഉടൻ തന്നെ കൊന്നക്കാടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ബിഎൽഒമാർക്ക് അമിത ജോലിഭാരം ഏൽപ്പിക്കപ്പെടുന്നുവെന്നാരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ സംഭവം. കണ്ണൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ഒരു ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് തുടരുന്നത്.
കോഴിക്കോട് കളക്ടറേറ്റിൽ എൻജിഒ അസോസിയേഷൻ നേതൃത്വത്തിൽ ബിഎൽഒമാർ ഇന്ന് രാവിലെ പ്രതിഷേധം സംഘടിപ്പിച്ചു. എസ്ഐആർ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട അവർ, നടപടി ലഭിക്കാത്ത പക്ഷം ശക്തമായ സമരം തുടരുമെന്ന് മുന്നറിയിപ്പും നൽകി.
അതേസമയം, ജോലി നിർവഹണത്തിൽ പിഴവുകളുണ്ടായെന്നാരോപിച്ച് കോഴിക്കോട് ജില്ലയിൽ ഒരു ബിഎൽഒയ്ക്കെതിരെ കാരണം കാണിക്കൽ നോട്ടീസും പുറപ്പെട്ടു. പിഡബ്ല്യുഡി സീനിയർ ക്ലർക്കായ അസ്ലമിന് ചുമതലയുള്ള ബൂത്തിലെ എന്യുമറേഷൻ ഫോമുകളുടെ വിതരണത്തിൽ വലിയ കുറവുണ്ടായെന്നതാണ് ആരോപണം. 984 വോട്ടർമാരിൽ 390 പേർക്കാണ് ഫോം ലഭിച്ചതെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പരമാവധി ആളുകളിൽ ഫോം വിതരണം ചെയ്തതായി അസ്ലം വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റ അപ്ഡേറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.









































































































































































































































































































































