നേറ്റിവിറ്റി കാർഡ് ബിൽ പാസായി; ജനിച്ച മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനിച്ചും വളർന്നും ജീവിക്കുന്നവർക്കുള്ള അവകാശങ്ങൾ ഉറപ്പാക്കുന്ന നിർണായക നീക്കമായി കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026 നിയമസഭ പാസാക്കി. ഇതോടെ “ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല” എന്ന ഉറച്ച നിലപാട് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസമാണ് ബിൽ പാസായത്. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകളും അനിശ്ചിതത്വങ്ങളും ഇല്ലാതാക്കുന്നതിനായി സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച പ്രധാനപ്പെട്ട നിയമപരമായ നടപടിയാണിത്.
നിലവിൽ നൽകിയുവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് നിയമപ്രാബല്യം ഇല്ലാത്തതിനാൽ, പല ആവശ്യങ്ങൾക്കും പൗരന്മാർ വീണ്ടും വീണ്ടും അത് സമർപ്പിക്കേണ്ട സാഹചര്യം നിലനിന്നിരുന്നു. ഈ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ജനനം, സ്ഥിരം വിലാസം, ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയ ഒരു സ്ഥിരമായ നേറ്റിവിറ്റി കാർഡ് നൽകും. ഇത് സർക്കാർ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായി അംഗീകരിക്കും.
ഇതിലൂടെ സംസ്ഥാനത്ത് ജനിച്ച് ദീർഘകാലമായി താമസിക്കുന്നവർക്കുള്ള അവകാശങ്ങൾ കൂടുതൽ വ്യക്തമായി സംരക്ഷിക്കപ്പെടും. കൂടാതെ, വിഭജന രാഷ്ട്രീയത്തെയും പുറന്തള്ളലിന്റെ ആശയങ്ങളെയും നേരിടുന്ന ഉൾക്കൊള്ളുന്ന സമീപനത്തിന്റെ പ്രതീകമാണ് ഈ നിയമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ആരും അന്യരല്ലെന്ന ആശയം ശക്തിപ്പെടുത്തുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നേറ്റിവിറ്റി കാർഡ് പദ്ധതി നിർണായകമായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.








































































































































































































































































































































