സെൻസർ ബോർഡിന് തിരിച്ചടി; വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാൻ ഹൈക്കോടതി അനുമതി
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് നായകനാകുന്ന ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി സെൻസർ ബോർഡിനോട് നിർദേശിച്ചു. ജസ്റ്റിസ് പി. ടി. ആശയാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. ഇതോടെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് താൽക്കാലികമായി വിരാമമിട്ടിരിക്കുകയാണ്.
ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാമെന്ന് നേരത്തെ ഉറപ്പ് നൽകിയ ശേഷം എന്തിനാണ് റിവൈസിംഗ് കമ്മിറ്റിക്ക് വിടുന്നതെന്ന ചോദ്യം കോടതി വാദത്തിനിടെ ഉന്നയിച്ചിരുന്നു. റിവൈസിംഗ് കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി തുറന്നടിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ഏത് ഘട്ടത്തിലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചെയർമാന് ഇടപെടാൻ അധികാരമുണ്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം.
നിർമാതാക്കൾക്ക് അനുകൂലമായ കോടതി ഉത്തരവ് വന്നെങ്കിലും, സെൻസർ ബോർഡ് മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാധ്യത നിലനിൽക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം, പൊങ്കൽ റിലീസായി ഈ മാസം 14-നോ 23-നോ ചിത്രം തിയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ. ഇന്ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ ഇടപെടലിനെ തുടർന്നാണ് ‘ജനനായകൻ’ നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്.
വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അവസാന ചിത്രം
വിജയ് സജീവ രാഷ്ട്രീയത്തിലിറങ്ങിയതിനാൽ, അദ്ദേഹത്തിന്റെ അവസാന സിനിമ എന്ന പ്രത്യേകതയോടെയാണ് ‘ജനനായകൻ’ എത്തുന്നത്. ദേശീയ അവാർഡ് നേടിയ സംവിധായകൻ എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ.
ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരടക്കം വൻ താരനിരയാണ് അണിനിരക്കുന്നത്. കലാമൂല്യവും നിലവാരവുമുള്ള സിനിമകൾ നിർമ്മിക്കുന്നതിന് പേരുകേട്ട കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്.
അണിയറപ്രവർത്തകർ
ഛായാഗ്രഹണം: സത്യൻ സൂര്യൻ
ആക്ഷൻ: അനിൽ അരശ്
ആർട്ട് ഡയറക്ഷൻ: വി. സെൽവകുമാർ
കൊറിയോഗ്രഫി: ശേഖർ, സുധൻ
ഗാനരചന: അറിവ്
കോസ്റ്റ്യൂം ഡിസൈൻ: പല്ലവി സിംഗ്
പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന
മേക്കപ്പ്: നാഗരാജ
പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ
പി.ആർ & മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ
1000 കോടി ക്ലബ്ബിലേക്കുള്ള അവസാന യാത്രയോ?
‘ജനനായകൻ’ വിജയിയെ 1000 കോടി ക്ലബ്ബിലേക്ക് എത്തിക്കുന്ന ചിത്രമാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എല്ലാ തരത്തിലുള്ള ഇമോഷനുകൾക്കും രാഷ്ട്രീയ സൂചനകൾക്കും പ്രാധാന്യമുള്ള ഒരു മാസ് സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകരുടെ സൂചന. വിജയിയുടെ അവസാന റിലീസായ ‘ദ ഗോട്ട്’ ആഗോളതലത്തിൽ 456 കോടിയിലധികം രൂപ നേടിയിരുന്നു. അതിനുശേഷം വിജയ് പൂര്ണമായും രാഷ്ട്രീയത്തിലേക്ക് മാറാനാണ് തീരുമാനം.








































































































































































































































































































































