മാർച്ച്‌ 7, 2026
#latest news #Sports

കനത്ത മൂടൽമഞ്ഞ് വില്ലനായി; മെസിയുടെ ദില്ലി സന്ദർശനം വൈകുന്നു, മുംബൈയിൽ കുടുങ്ങി വിമാനം

Messi Delhi visit delayed

ദില്ലി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ ദില്ലി സന്ദർശനം കനത്ത മൂടൽമഞ്ഞ് മൂലം വൈകുന്നു. തലസ്ഥാനത്ത് ദൃശ്യപരിധി കുറഞ്ഞതിനെ തുടർന്ന് മെസി സഞ്ചരിക്കേണ്ട വിമാനം മുംബൈയിൽ നിന്നു പുറപ്പെടാൻ കഴിയാതെ നിർത്തിവച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30ഓടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്നായിരുന്നു മുൻകൂട്ടി അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ വൈകിട്ട് നാലുമണിയോടെ മാത്രമേ ദില്ലിയിൽ എത്താനാകൂവെന്ന സൂചനകളാണ് ലഭിക്കുന്നത്.

മെസിയെ നേരിൽ കാണാനായി കേരളത്തിൽ നിന്നുള്ള ആരാധകരടക്കം ആയിരക്കണക്കിന് പേർ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് പുറത്തു കാത്തുനിൽക്കുകയാണ്. 6,000 രൂപ വരെ നൽകി ടിക്കറ്റ് എടുത്താണ് പലരും എത്തിയത്. “വൈകിയാലും മെസിയെ ഒന്ന് കണ്ടാൽ മതി” എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ആരാധകരെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ അധികൃതർ ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി പൊലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ മെസി പങ്കെടുക്കുമെന്നും സ്ഥിരീകരണമുണ്ട്.

ഇതിനിടെ, ദില്ലിയിലെ കനത്ത മൂടൽമഞ്ഞ് വ്യോമഗതാഗതത്തെ കനത്തമായി ബാധിച്ചു. ദില്ലി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകൾ റദ്ദാക്കപ്പെട്ടു. 150ലധികം സർവീസുകൾ വൈകുകയും നാല് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. താപനിലയിൽ ഉണ്ടായ കുത്തനെ ഇടിവും വായുമലിനീകരണം രൂക്ഷമായതുമാണ് മൂടൽമഞ്ഞ് ശക്തമാകാൻ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 8.2 ഡിഗ്രി സെൽഷ്യസാണ്.

മെസിയുടെ വരവ് വൈകിയെങ്കിലും ആരാധകരുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. സുരക്ഷയും കാലാവസ്ഥയും അനുകൂലമായാൽ വൈകിയെങ്കിലും നിശ്ചയിച്ച പരിപാടികൾ നടക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു