മെയ്‌ 21, 2026
#latest news #News #Top News

വിഡി സതീശൻ മന്ത്രിസഭയിൽ വകുപ്പ് വിഭജനം പ്രഖ്യാപിച്ചു; ധനം മുഖ്യമന്ത്രിക്ക്, ആഭ്യന്തരം ചെന്നിത്തലയ്ക്ക്

Kerala Election Campaign: UDF Launches New Slogan

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം ദിവസമാണ് മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകൾ ചൊല്ലിയുള്ള ചർച്ചകളും അഭിപ്രായ ഭിന്നതകളും നീണ്ടതോടെയാണ് വകുപ്പ് വിഭജനം വൈകിയത്. അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനിൽ കുമാറിനെ നിയമിച്ചു.

മുഖ്യമന്ത്രി വിഡി സതീശൻ ധനം, പൊതുഭരണം, നിയമം, തുറമുഖം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പുകൾ നൽകി. കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകളും സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യവും ഏൽപ്പിച്ചു.

ലത്തീൻ സഭയുടെ എതിർപ്പിനെ തുടർന്ന് വിവാദമായിരുന്ന ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നൽകാൻ സർക്കാർ തീരുമാനിച്ചു. വി ഇ അബ്ദുൾ ഗഫൂറാണ് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പുകൾ കൈകാര്യം ചെയ്യുക. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐടി, എഐ, കൈത്തറി വകുപ്പുകളും നൽകി.

പിസി വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരികം, സിനിമ എന്നീ വകുപ്പുകൾ ലഭിച്ചു. കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ് എന്നിവയും ഇതിന്റെ പരിധിയിലാകും. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും ടി സിദ്ദിഖിന് കൃഷി വകുപ്പും ലഭിച്ചു.

അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ മാണി സി കാപ്പൻ പരസ്യ വിമർശനവുമായി രംഗത്തെത്തി. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ക്യാബിനറ്റ് പദവിയെ ഘടകകക്ഷി എതിർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. ആദ്യ ടേമിൽ ക്യാബിനറ്റ് പദവി നൽകണമെന്ന ആവശ്യവും മുന്നോട്ടുവച്ചതായി റിപ്പോർട്ടുകളുണ്ട്.

മന്ത്രിസഭയിലെ മറ്റ് പ്രധാന വകുപ്പുകളും ഘടകകക്ഷികൾക്ക് നൽകി. ഷിബു ബേബി ജോണിന് വനം, നൈപുണ്യ വികസനം, മോൻസ് ജോസഫിന് ജലവിഭവം, ശുചിത്വ ഭവന നിർമ്മാണം, അനൂപ് ജേക്കബിന് ഭക്ഷ്യ-സിവിൽ സപ്ലൈസ്, സിപി ജോണിന് ഗതാഗതം എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു