ജൂൺ 6, 2026
#Health #latest news #Top News

എബോള ഭീതി; ഛത്തീസ്ഗഡിൽ മൂന്ന് ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ, ജാഗ്രത ശക്തമാക്കി സർക്കാർ

ebola virus

റായ്പൂർ: ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡിൽ മൂന്ന് ആഫ്രിക്കൻ പൗരന്മാരെ മുൻകരുതൽ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് 21 ദിവസത്തേക്കാണ് ഇവരെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ എബോള രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഛത്തീസ്ഗഡ് ആരോഗ്യ മന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ വ്യക്തമാക്കി. രോഗവ്യാപന സാധ്യത മുൻകൂട്ടി കണക്കിലെടുത്ത് ആശുപത്രികളും ക്വാറന്റൈൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തിയ മൂന്ന് പേരെയാണ് ദുർഗ് ജില്ലയിലെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. നിലവിൽ ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതിനുമുമ്പ് ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഒരു യുവതിയെയും എബോള സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ നടത്തിയ പരിശോധനകളിൽ എബോള വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്ക ഒഴിഞ്ഞിരുന്നു.

എബോള വൈറസ് സംബന്ധിച്ച അന്താരാഷ്ട്ര ആരോഗ്യ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ ആരോഗ്യ വകുപ്പ് പ്രത്യേകമായി നിരീക്ഷിച്ചുവരികയാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു