ജൂൺ 18, 2026
#latest news #News

15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; നിർണായക നീക്കവുമായി യുഎഇ

UAE Social Media Ban

അബുദാബി: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതമായ ഡിജിറ്റൽ വളർച്ചയും ലക്ഷ്യമിട്ട് 15 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ സർക്കാർ. യുഎഇ മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം, ഈ പ്രായപരിധിക്കു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അനുമതിയുണ്ടാകില്ല.

ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി. പുതിയ നിയമം അനുസരിച്ച്, കുട്ടികൾക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചും പ്ലാറ്റ്‌ഫോമുകളുടെ പൂർണ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകില്ല.

2024-ൽ നടത്തിയ പഠനങ്ങളിൽ യുഎഇയിലെ കുട്ടികൾ ശരാശരി മൂന്ന് മണിക്കൂറോളം ദിവസേന സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. ദീർഘനേരത്തെ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങൾ, ഭാഷാ വികസനത്തിലെ വൈകല്യങ്ങൾ തുടങ്ങിയ ആരോഗ്യ-വിദ്യാഭ്യാസ വെല്ലുവിളികൾക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കളുടെ അനുമതി ഉണ്ടായാലും ഈ നിയമത്തിൽ ഇളവ് ലഭിക്കില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് പരമാവധി 12 മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു