ജൂൺ 11, 2026
#latest news #Sports

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടി

Hardik Pandya

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടി. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വീണ്ടും പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായി. തുടയിലെ പേശിക്കേറ്റ പുതിയ പരിക്കാണ് താരത്തെ വീണ്ടും വിശ്രമത്തിലാക്കിയത്.

ഫിറ്റ്നസ് പരിശോധന വിജയകരമായി പൂർത്തിയാക്കി ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നതിനിടെയാണ് ഹാർദിക്കിന് വീണ്ടും പരിക്കേറ്റത്. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ നടന്ന പരിശോധനയിൽ താരം യോഗ്യത നേടിയതായി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പരിശീലനത്തിനിടെ ബൗളിംഗും നടത്തിയിരുന്നു.

ജൂൺ 13ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഹാർദിക് കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഐ.പി.എൽ സീസണിലും പരിക്ക് കാരണം നിരവധി മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിനാണ് പുതിയ പരിക്ക് തിരിച്ചടിയായത്.

അതേസമയം, ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകൾ നിലനിന്നിരുന്ന മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയതും ഇന്ത്യൻ ക്യാമ്പിന് ആശ്വാസമായി. വിരാട് കോലിയും പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരം ജൂൺ 13ന് ധർമ്മശാലയിൽ നടക്കും. രണ്ടാം മത്സരം ജൂൺ 17ന് ലഖ്‌നൗവിലും മൂന്നാം മത്സരം ജൂൺ 20ന് ചെന്നൈയിലുമാണ് അരങ്ങേറുക.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു