മെയ്‌ 16, 2026
#latest news #News

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ഫറോക്ക് സ്വദേശി ചികിത്സയിൽ

Amoebic Meningitis

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ അമീബിക് മസ്തിഷ്‌ക ജ്വരമാണിത്. കഴിഞ്ഞ ദിവസം കോട്ടൂർ സ്വദേശിയായ ഒമ്പത് വയസുകാരനിലും രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.

ആലപ്പുഴയിൽ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും ശക്തമായ തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നട്ടെല്ലിൽ നിന്ന് സ്രവം ശേഖരിച്ച് നടത്തിയ പി.സി.ആർ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരോഗ്യ വകുപ്പ് സംഭവത്തിൽ കൂടുതൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുളങ്ങൾ, മലിനജലം, ശുദ്ധീകരിക്കാത്ത വെള്ളം എന്നിവയുമായി ബന്ധപ്പെട്ട സമ്പർക്കങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

അമീബിക് മസ്തിഷ്‌ക ജ്വരം അപൂർവമായെങ്കിലും അതീവ ഗുരുതരമായ രോഗമാണ്. ശക്തമായ പനി, തലവേദന, ഛർദ്ദി, കഴുത്ത് വേദന, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു