യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് യുഎഇയിൽ വരവേൽപ്പ്; നേരിട്ട് എത്തി സ്വീകരിച്ച് പ്രസിഡന്റ്
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് എത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രത്യേക ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ മോദിയുടെ വിമാനത്തിന് അകമ്പടിയായി എത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് അബുദാബി ആകാശപരിധിയിൽ പ്രവേശിച്ച ‘എയർ ഇന്ത്യ വൺ’ വിമാനത്തിന് ഇരുവശങ്ങളിലുമായി യുഎഇയുടെ അത്യാധുനിക എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങളാണ് സുരക്ഷയും ആദരവും നൽകി അനുഗമിച്ചത്. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വേഗത്തിൽ വൈറലായി.
ഒരു വിദേശ രാഷ്ട്രത്തലവന് നൽകുന്ന ഏറ്റവും ഉയർന്ന നയതന്ത്ര ആദരവുകളിൽ ഒന്നായാണ് യുദ്ധവിമാന അകമ്പടി കണക്കാക്കപ്പെടുന്നത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് മോദിയുടെ യുഎഇ സന്ദർശനം എന്നതിനാൽ കൂടിക്കാഴ്ചകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
യുഎഇ സന്ദർശനത്തിനിടെ മേഖലയുടെ സുരക്ഷ, ഊർജ സഹകരണം, സാമ്പത്തിക ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാകും. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പുതിയ ധാരണകളിലേക്ക് നീങ്ങുമെന്നാണു വിലയിരുത്തൽ.
അഞ്ച് രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി യുഎഇയിലെത്തിയത്. അബുദാബിയിലെ ചർച്ചകൾക്ക് ശേഷം അദ്ദേഹം നെതർലാൻഡ്സിലേക്ക് തിരിക്കും. തുടർന്ന് നോർവേ, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദർശിച്ച ശേഷമായിരിക്കും ഇന്ത്യയിലേക്ക് മടങ്ങുക.




















































































































































































































































































































































































