ഐഫോൺ 18 പ്രോ എത്തുന്നു; ക്യാമറയും ബാറ്ററിയും ഉൾപ്പെടെ വമ്പൻ അപ്‌ഗ്രേഡുകൾ
ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഐഫോൺ 18 പ്രോ സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ സാങ്കേതിക ലോകത്ത് ചർച്ചയാകുന്നു. ക്യാമറ, ബാറ്ററി, ഡിസൈൻ തുടങ്ങി നിരവധി പ്രധാന മാറ്റങ്ങളോടെയായിരിക്കും പുതിയ ഐഫോൺ എത്തുകെന്നാണ് സൂചന.
ഐഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്‌ഗ്രേഡുകളിൽ ചിലത് ഐഫോൺ 18 പ്രോയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രധാനമായും മൂന്ന് വലിയ മാറ്റങ്ങളാണ് ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നത്. വേരിയബിൾ അപേർച്ചർ സംവിധാനമുള്ള പ്രധാന ക്യാമറ, കൂടുതൽ വൈഡ് അപേർച്ചറോടുകൂടിയ ടെലിഫോട്ടോ ക്യാമറ, പുതുക്കിയ ക്യാമറ കൺട്രോൾ ബട്ടൺ എന്നിവയാണ് അവ.
വേരിയബിൾ അപേർച്ചർ സംവിധാനത്തിലൂടെ ഡെപ്ത് ഓഫ് ഫീൽഡ് കൂടുതൽ കൃത്യമായി നിയന്ത്രിക്കാനാകും. ഇത് പ്രൊഫഷണൽ ക്യാമറ നിലവാരത്തിലുള്ള ഫോട്ടോഗ്രഫി അനുഭവം നൽകുമെന്നാണ് വിലയിരുത്തൽ. ടെലിഫോട്ടോ ക്യാമറയിലെ വൈഡ് അപേർച്ചർ ലോ ലൈറ്റ് സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും. കൂടാതെ 4X, 8X സൂം ഓപ്ഷനുകളും പുതിയ മോഡലിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ബാറ്ററി മേഖലയിലും വലിയ മാറ്റം പ്രതീക്ഷിക്കപ്പെടുന്നു. ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കും ഐഫോൺ 18 പ്രോയിൽ ഉൾപ്പെടുകെന്നാണ് സൂചന. പുതിയ എ20 പ്രോ ചിപ്പും സി2 മോഡവും ചേർന്ന് കൂടുതൽ പവർ കാര്യക്ഷമത നൽകും. ക്വാൽകോമിന്റെ 5ജി മോഡത്തിനുപകരം ആപ്പിളിന്റെ സ്വന്തം മോഡമാണ് ഉപയോഗിക്കുക.
ഡിസൈനിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ലീക്കുകൾ. ഡൈനാമിക് ഐലൻഡ് കൂടുതൽ നേർത്തതാകുമെന്നും ഡീപ് റെഡ്, ഡീപ് പർപ്പിൾ, കോഫി, ഡാർക്ക് ചെറി തുടങ്ങിയ പുതിയ നിറ ഓപ്ഷനുകളും അവതരിപ്പിക്കാമെന്നുമാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ആപ്പിൾ നൽകിയിട്ടില്ല.




















































































































































































































































































































































































