പാസ്പോർട്ട് പൗരത്വത്തിന്റെ തെളിവല്ല; വിദേശകാര്യ മന്ത്രാലയ വിശദീകരണത്തിന് പിന്നാലെ രാഷ്ട്രീയ വിവാദം
ന്യൂഡൽഹി: പാസ്പോർട്ട് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന അന്തിമ രേഖയല്ലെന്നും അത് പ്രധാനമായും അന്തർദേശീയ യാത്രയ്ക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക യാത്രാരേഖ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാസ്പോർട്ട് സേവാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഈ വിശദീകരണം നൽകിയത്.
ഒരു വ്യക്തിയുടെ ദേശീയത അന്താരാഷ്ട്ര തലത്തിൽ രേഖപ്പെടുത്തുന്നതിനാണ് പാസ്പോർട്ട് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവായി ഇതിനെ കണക്കാക്കാനാവില്ലെന്നും അധികൃതർ അറിയിച്ചു. പാസ്പോർട്ടിന്റെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനാണെന്നും ആവശ്യമായ സാഹചര്യങ്ങളിൽ അത് തിരികെ നൽകാൻ പാസ്പോർട്ട് കൈവശമുള്ളവർ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ മന്ത്രാലയത്തിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. പൗരത്വം തെളിയിക്കാൻ പിന്നെ ഏത് രേഖയാണ് ഉപയോഗിക്കേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും പ്രതികരിച്ചു.
അതേസമയം, പാസ്പോർട്ട് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നത് പുതിയ നയമല്ലെന്നും കോടതികൾ മുൻപും ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. നിലവിലെ വിശദീകരണം നിയമപരമായ വസ്തുത ആവർത്തിക്കുന്നതേയുള്ളുവെന്നാണ് അവരുടെ വാദം.



































































































































































































































































































































































































































