ജബൽപുർ ബോട്ട് ദുരന്തം: ഒൻപത് മരണം; സുരക്ഷാ വീഴ്ചയിൽ നടപടി കടുപ്പിച്ച് അധികൃതർ
മധ്യപ്രദേശിലെ ജബൽപുരിൽ ഒൻപത് പേരുടെ ജീവനെടുത്ത ക്രൂയിസ് ബോട്ട് ദുരന്തത്തിന് പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അശ്രദ്ധയും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും അപകടത്തിന് പ്രധാന കാരണമായെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ജബൽപൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബർഗി ഡാമിന്റെ റിസർവോയറിൽ നടന്ന ഈ അപകടം രാജ്യത്തെ നടുക്കിയിരുന്നു. അപകടത്തിൽ ഇതുവരെ ഒൻപത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 28 പേരെ രക്ഷപ്പെടുത്താനായെങ്കിലും നാലുപേർ ഇപ്പോഴും കാണാതായ നിലയിലാണ്. ഇവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, കരസേന എന്നിവയുടെ നേതൃത്വത്തിൽ ശക്തമായി തുടരുകയാണ്.
അപകട നിമിഷങ്ങൾ വെളിപ്പെടുത്തി ബോട്ടിന്റെ ക്യാപ്റ്റൻ
അപകടസമയത്ത് ബോട്ട് നിയന്ത്രിച്ചിരുന്നത് മഹേഷ് പട്ടേലായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കവെ, യാത്ര ആരംഭിച്ചപ്പോൾ കാലാവസ്ഥ സാധാരണ നിലയിലായിരുന്നുവെന്നും പിന്നീട് അപ്രതീക്ഷിതമായി ശക്തമായ കാറ്റും ഉയർന്ന തിരകളും രൂപപ്പെട്ടതോടെ സ്ഥിതി നിയന്ത്രണാതീതമായെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ കാറ്റിൽ ബോട്ട് ഒരുവശത്തേക്ക് ചെരിയുകയും നിമിഷങ്ങൾക്കകം വെള്ളം അകത്തേക്ക് കയറുകയും ചെയ്തതോടെ ബോട്ട് മറിയുകയായിരുന്നുവെന്നാണ് മഹേഷ് പട്ടേലിന്റെ വിശദീകരണം. അപകടത്തിന്റെ ഭീകരത വിവരിക്കുമ്പോൾ അദ്ദേഹം വികാരാധീനനായി. “മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിട്ടില്ല. മരണപ്പെട്ട കുട്ടികളുടെ മുഖം മാത്രമാണ് മനസ്സിൽ നിറയുന്നത്,” എന്നാണ് അദ്ദേഹം പറഞ്ഞത്.
ലൈഫ് ജാക്കറ്റ് ധരിക്കാൻ പലരും തയ്യാറായില്ല
ബോട്ടിലെ താഴത്തെ ഡെക്കിൽ സംഗീതത്തിനും നൃത്തത്തിനുമായി ഒത്തുകൂടിയ ചില യാത്രക്കാർ സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ലെന്നും ലൈഫ് ജാക്കറ്റ് ധരിക്കാൻ വിസമ്മതിച്ചുവെന്നും ക്യാപ്റ്റൻ വ്യക്തമാക്കി. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും എല്ലാവരും അത് ഗൗരവമായി എടുത്തില്ലെന്നാണ് വിവരം.
അപകടസമയത്ത് മുകളിലെ ക്യാബിനിലായിരുന്ന മഹേഷ് പട്ടേൽ വെള്ളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായും നാലോളം കുട്ടികളെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
രക്ഷാബോട്ടുകൾ ഇല്ലാതിരുന്നത് തിരിച്ചടിയായി
ക്രൂയിസ് ബോട്ടുകൾക്ക് ഒപ്പമുണ്ടാകേണ്ട രക്ഷാബോട്ടുകൾ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് രക്ഷാബോട്ടുകൾ സേവനത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
ഇതിന് പിന്നാലെ സമാന രീതിയിൽ സർവീസ് നടത്തുന്ന മറ്റ് ബോട്ടുകളുടെ പ്രവർത്തനവും താത്കാലികമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിച്ച ശേഷമേ സർവീസ് പുനരാരംഭിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
വിശദമായ അന്വേഷണം ആരംഭിച്ചു
അപകടത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമായതോടെ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ചോ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ബോട്ടിംഗ് മേഖലയിൽ കൂടുതൽ കർശനമായ സുരക്ഷാ ചട്ടങ്ങൾ കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

























































































































































































































































































































































































