മാസപ്പടി കേസ്: ഇഡി അന്വേഷണം തടയണമെന്ന് സിഎംആർഎൽ ഹൈക്കോടതിയിൽ
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ചോദ്യം ചെയ്യാൻ ഇഡി നീങ്ങുന്നതിനിടെയാണ് പുതിയ നിയമനടപടി.
ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളും ഡയറിയിലെ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 2019ൽ അവസാനിപ്പിച്ച വീണ വിജയന്റെ അബുദാബി ബാങ്ക് അക്കൗണ്ടും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും.
റെയ്ഡിനിടെ 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇതിൽ വീണ വിജയനുമായി ബന്ധപ്പെട്ട മൂന്ന് അക്കൗണ്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻമന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡിനെതിരായ പ്രതിഷേധത്തിൽ സിപിഐഎം പ്രവർത്തകർക്കെതിരെ വിവിധ ജില്ലകളിൽ കേസെടുത്തു. കണ്ണൂരും കോഴിക്കോടും ഉൾപ്പെടെ എഴുപതിലധികം പേർക്കെതിരെയാണ് നടപടി. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പന്ത്രണ്ട് സിപിഐഎം പ്രവർത്തകരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.














































































































































































































































































































































































































































