സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വയനാടും കണ്ണൂരും ഉൾപ്പെടെ വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
തിങ്കളാഴ്ചയും സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരും. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് നിലവിലുണ്ട്.
ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, അറബിക്കടലിലെ ചില മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകുന്നവർക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരപ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

































































































































































































































































































































































































































