മെയ്‌ 20, 2026
#latest news #News #Top News

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; നടപ്പാക്കൽ ചർച്ചകൾ നാളെ

ksrtc bus

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച് സർക്കാർ നാളെ ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിൽ പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതിൽ അന്തിമ രൂപരേഖ തയ്യാറാക്കും.

ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് നിലവിലെ ആലോചന. പദ്ധതി പ്രാബല്യത്തിൽ വന്നാൽ പ്രതിമാസം ഏകദേശം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടിവരുമെന്നാണ് കണക്ക്.

സ്ത്രീകൾക്ക് സൗജന്യ യാത്ര ഏത് തീയതി മുതൽ ആരംഭിക്കുമെന്നത് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഏത് വിഭാഗം ബസുകളിലാണ് ആനുകൂല്യം ലഭിക്കുക, ദൂരപരിധി ഉണ്ടാകുമോ, എല്ലാ പ്രായക്കാർക്കും ബാധകമാണോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പ്രതിദിനം ഏകദേശം 12 ലക്ഷം സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നതെന്നാണ് വിലയിരുത്തൽ. കർണാടകയിൽ എസി, സ്ലീപ്പർ ബസുകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം ബാധകമല്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

അതേസമയം പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ എതിർപ്പ് ശക്തമാക്കിയിട്ടുണ്ട്. സ്ത്രീ യാത്രക്കാർ കൂടുതലായി കെഎസ്ആർടിസിയിലേക്ക് മാറിയാൽ സ്വകാര്യ ബസുകളുടെ സർവീസുകൾ ബാധിക്കുമെന്ന ആശങ്കയാണ് ഇവർ ഉയർത്തുന്നത്. വിഷയത്തിൽ സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ഉടൻ ചർച്ച നടത്തും.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു