ചാഞ്ചാടി സ്വർണവില; രാവിലെ കുതിച്ചുയർന്ന് പിന്നാലെ പവന് 4000 രൂപ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ചാഞ്ചാട്ടം. രാവിലെ കുത്തനെ ഉയർന്ന സ്വർണവില ഉച്ചയോടെ വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 4000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,19,120 രൂപയായി. ഗ്രാമിന് 500 രൂപ കുറഞ്ഞതായും വ്യാപാരികൾ അറിയിച്ചു.
രാവിലെ സ്വർണവിലയിൽ വലിയ വർധനയായിരുന്നു രേഖപ്പെടുത്തിയത്. ഒരു പവന് 10,200 രൂപ വരെ ഉയർന്നതോടെയാണ് വിപണിയിൽ ആശങ്ക ഉയർന്നത്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് വിലയിൽ കുത്തനെ വർധന ഉണ്ടായത്.
വിദേശ നാണ്യ കരുതൽ ശേഖരത്തിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതോടെ സ്വർണ കള്ളക്കടത്ത് വർധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,12,960 രൂപയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് 960 രൂപ ഉയർന്നതിന് പിന്നാലെ ഇന്നലെ രാവിലെ വീണ്ടും 400 രൂപ വർധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് സ്വർണവില കുതിച്ചത്. പിന്നീട് മണിക്കൂറുകൾക്കകം വലിയ ഇടിവും രേഖപ്പെടുത്തി.
ആഗോള വിപണിയിലെ അനിശ്ചിതത്വം, ഡോളറിന്റെ ശക്തി, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇറക്കുമതി തീരുവ വർധന എന്നിവയാണ് നിലവിലെ സ്വർണവില ചാഞ്ചാട്ടത്തിന് പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. വിവാഹ സീസൺ അടുത്തെത്തുന്നതിനാൽ ആഭരണ വിപണിയിലും ഉപഭോക്താക്കളിലും ആശങ്ക തുടരുകയാണ്.
















































































































































































































































































































































































