സഹകരണ മേഖലയുടെ നേതൃത്വത്തിൽ ‘കോ കേരള’ എന്ന പേരിൽ പുതിയ വിമാന സർവീസ്
തിരുവനന്തപുരം: സഹകരണ മേഖലയുടെ നേതൃത്വത്തിൽ ‘കോ കേരള’ എന്ന പേരിൽ പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. തുടക്കത്തിൽ രണ്ട് സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയെന്നും ഇതിനായി സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ഏകദേശം 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ സർക്കാർ നേരിട്ട് സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഘടന പ്രകാരം മുഖ്യമന്ത്രിയെ ചെയർമാനായും സഹകരണ വകുപ്പ് മന്ത്രിയെ വൈസ് ചെയർമാനായും നിയമിക്കാനാണ് ആലോചന.
ആദ്യഘട്ടത്തിൽ വിമാനങ്ങൾ സ്വന്തമായി വാങ്ങുന്നതിനുപകരം വാടകയ്ക്ക് എടുത്ത് സർവീസ് ആരംഭിക്കാനാണ് തീരുമാനം. പദ്ധതി ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
സംസ്ഥാനത്തിന്റെ ഗതാഗത വികസനവുമായി ബന്ധപ്പെട്ടും വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളത്തിന് നിലവിൽ അതിവേഗ റെയിൽ പദ്ധതിയേക്കാൾ മൂന്നാമത്തെ റെയിൽ പാതയാണ് കൂടുതൽ ആവശ്യമായതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ ഏകദേശം 10,000 കോടി രൂപയുടെ പ്രത്യേക ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിനുപകരം സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











































































































































































































































































































































































































































