ജൂലൈ 7, 2026
#latest news #News #Top News

കനത്ത മഴ: കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala Monsoon Alert:

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യവും അടുത്ത ദിവസങ്ങളിലും ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയും അവധിയുടെ പരിധിയിൽ ഉൾപ്പെടും. എന്നാൽ, സർവകലാശാല പരീക്ഷകളും പി.എസ്.സി. പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.

അതേസമയം, വയനാട് ജില്ലയിലും ശക്തമായ മഴയും റെഡ് അലർട്ട് മുന്നറിയിപ്പും പരിഗണിച്ച് നഴ്‌സറി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. പുഴകൾ, തോടുകൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി മാറ്റിവെക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു