ജൂലൈ 10, 2026
#latest news #News #Top News

പെരുമ്പാവൂരിലെ യുവാക്കൾക്ക് നേരെയുണ്ടായ മർദനം: നിയമം കൈയിലെടുക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: പെരുമ്പാവൂരിൽ ലഹരി വിൽപ്പന ആരോപിച്ച് യുവാക്കളെ മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് നിയമപരമായ മാർഗങ്ങളിലൂടെയാണെന്നും, ജനങ്ങൾ നിയമം സ്വന്തം കൈകളിലെടുക്കുന്നത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുന്ന പക്ഷം അത് പോലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും, സ്വമേധയാ ശിക്ഷ നടപ്പാക്കുന്ന പ്രവണത സമൂഹത്തിന് അപകടകരമായ സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഗോകുൽ ദീപക് (18), ആൽബിൻ ഷാജി (20), മുഹമ്മദ് അൽഫാസ് (20) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരെ നടുറോഡിൽ തടഞ്ഞുനിർത്തി മർദിച്ച ശേഷം സമീപത്തെ ഒരു സ്ഥാപനത്തിലേക്ക് കൊണ്ടുപോയി വീണ്ടും ആക്രമിക്കുകയും തുടർന്ന് ബാർബറെ എത്തിച്ച് തലമുണ്ഡനം ചെയ്യുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ആരോപണം. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കഞ്ചാവ് വിൽപ്പന ആരോപിച്ച് അതിഥിത്തൊഴിലാളിയെ മർദിച്ച കേസിൽ ഷെരീഫ് മുൻപ് റിമാൻഡിലായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച കണ്ടന്തറ പ്രദേശത്താണ് സംഭവം നടന്നത്. ജോലി ആവശ്യത്തിനായി എത്തിയ യുവാക്കളെ ഒരു സംഘം തടഞ്ഞുനിർത്തി മർദിക്കുകയും പിന്നീട് സ്ഥാപനത്തിനുള്ളിൽ കൊണ്ടുപോയി ആക്രമണം തുടരുകയും ചെയ്തതായാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു