വയനാട് കള്ളാടി മണ്ണിടിച്ചിൽ: കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി; തെരച്ചിൽ തുടരുന്നു
വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള തെരച്ചിൽ ദുഷ്കരമായി തുടരുന്നു. പ്രദേശത്ത് തുടരുന്ന കനത്ത മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കാണാതായവർ മണ്ണിനടിയിൽ കുടുങ്ങിയിരിക്കാമെന്നാണ് എൻഡിആർഎഫും ഫയർഫോഴ്സും പ്രാഥമികമായി വിലയിരുത്തുന്നത്.
മണ്ണ് പൂർണമായി നീക്കം ചെയ്ത് പ്രദേശം പരിശോധിക്കാൻ കുറഞ്ഞത് മൂന്ന് ദിവസം വരെ വേണ്ടിവരുമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്. സമീപത്തെ തോടുകളും മറ്റ് ഭാഗങ്ങളും പരിശോധിച്ചെങ്കിലും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് പേരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 19-കാരനായ ദിലീപും 29-കാരനായ രജിനീഷും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്ത് പേരിൽ മൂന്ന് പേർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെയുള്ളവരാണ് ഡിസ്ചാർജ് ചെയ്തത്. മറ്റ് അഞ്ച് പേരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം സ്വദേശിയും സൈറ്റ് എൻജിനീയറുമായ കുഞ്ഞു ടി.കെ. ചികിത്സയിൽ കഴിയുന്ന ഏക മലയാളിയാണ്.
മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ എംബാമിങ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.












































































































































































































































































































































































































































