കിഫ്ബിയിൽ വൻ പരിഷ്‌കാരങ്ങൾക്ക് നീക്കം; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന നൽകാൻ സർക്കാർ
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനത്തിലും ധനസമാഹരണ രീതികളിലും സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുകയും ധനവകുപ്പിന്റെ മേൽനോട്ടം ശക്തമാക്കുകയും ചെയ്യാനാണ് ആലോചന.
ഇതിനായി കിഫ്ബി ഡയറക്ടർ ബോർഡ് യോഗം ഉടൻ ചേരും. കിഫ്ബിയുടെ ഭാവി പ്രവർത്തനരീതികൾ സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്താനും സർക്കാർ ആലോചിക്കുന്നു. കിഫ്ബിയുടെ സാമ്പത്തിക നിലയും പദ്ധതികളുടെ കാര്യക്ഷമതയും പരിശോധിക്കുന്നതിനായി തയ്യാറാക്കുന്ന ധവളപത്രവും സമിതി വിലയിരുത്താൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടർ ബോർഡ് നിലവിലുണ്ടെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തെ പോലെ സ്വതന്ത്ര പ്രവർത്തനം തുടരാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ ധനവകുപ്പിന്റെ കൂടുതൽ നിയന്ത്രണത്തിലാക്കാനാണ് ശ്രമം.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുന്ന തരത്തിലുള്ള ധനസമാഹരണ രീതികളിൽ മാറ്റം വേണമെന്നാണ് യുഡിഎഫ് സർക്കാരിന്റെ വിലയിരുത്തൽ. കിഫ്ബിയുടെ കടബാധ്യത സംസ്ഥാന സർക്കാരിന്റെ ബാധ്യതയായി കണക്കാക്കി കേന്ദ്രം കടമെടുപ്പ് പരിധി കുറച്ച സാഹചര്യവും സർക്കാർ ഗൗരവമായി കാണുന്നുണ്ട്.
അടുത്ത അഞ്ച് വർഷത്തിനിടെ ഏകദേശം 16,600 കോടി രൂപയുടെ കടം തിരിച്ചടയ്ക്കേണ്ട ബാധ്യത കിഫ്ബിക്കുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികമായി ലാഭകരവും വരുമാനം സൃഷ്ടിക്കുന്നതുമായ പദ്ധതികൾക്ക് മാത്രം അംഗീകാരം നൽകുന്ന രീതിയിലേക്ക് മാറാനാണ് സർക്കാർ ആലോചിക്കുന്നത്.
അതേസമയം, കിഫ്ബി ഫണ്ട് മുൻ സർക്കാർ പരസ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണവും ജീവനക്കാർക്ക് ഉയർന്ന അലവൻസുകൾ നൽകുന്നുവെന്ന വിമർശനവും സർക്കാർ പരിശോധിക്കുന്നുണ്ട്. അലവൻസുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതടക്കമുള്ള നടപടികളും പരിഗണനയിലുണ്ടെന്നാണ് സൂചന.




































































































































































































































































































































































































