മ്യാൻമർ തീരത്ത് ദുരന്തം; റോഹിങ്ക്യൻ അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി, 500-ലധികം പേർ മരിച്ചതായി റിപ്പോർട്ട്
മ്യാൻമർ: മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർഥികളുമായി സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 500-ലധികം പേർ മരിച്ചതായി ഐക്യരാഷ്ട്രസഭ (UN) അറിയിച്ചു. ജൂൺ അവസാന വാരത്തിലാണ് അപകടമുണ്ടായതെങ്കിലും സംഭവം ഇപ്പോഴാണ് അന്താരാഷ്ട്ര ശ്രദ്ധയിൽപ്പെട്ടത്.
റാഖൈൻ സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട രണ്ട് ബോട്ടുകളിലായി നൂറുകണക്കിന് അഭയാർഥികളാണ് യാത്ര ചെയ്തിരുന്നത്. ഇരുബോട്ടുകളിലും ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
മ്യാൻമറിലെയും ബംഗ്ലാദേശിലെയും റോഹിങ്ക്യൻ അഭയാർഥികൾ സുരക്ഷിതമായ ജീവിതം തേടി മലേഷ്യ, ഇൻഡോനേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടൽമാർഗം യാത്ര ചെയ്യുന്നത് പതിവാണ്. എന്നാൽ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ചെറുബോട്ടുകളിലെ യാത്ര പലപ്പോഴും വൻ ദുരന്തങ്ങൾക്ക് വഴിവെക്കാറുണ്ട്.
സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളും കൂടുതൽ വിവരശേഖരണവും തുടരുകയാണെന്ന് ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചു. അന്താരാഷ്ട്ര സമൂഹം അഭയാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.















































































































































































































































































































































































































































