എട്ട് മണിക്കൂർ പറന്നതിന് പിന്നാലെ തിരിച്ചിറക്കി എയർ ഇന്ത്യ വിമാനം; സാങ്കേതിക തകരാർ കാരണം യാത്ര മുടങ്ങി
ദില്ലിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ173 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. 230 യാത്രക്കാരുമായി പുലർച്ചെ ദില്ലിയിൽ നിന്ന് പുറപ്പെട്ട വിമാനം എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദില്ലിയിലേക്ക് തിരിച്ചെത്തിച്ചത്.
ചൈനീസ് വ്യോമാതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനത്തിലെ ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് നിശ്ചിത സുരക്ഷാ നടപടികൾ പാലിച്ച് വിമാനം ദില്ലിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. യാത്ര മുടങ്ങിയ യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യങ്ങളും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സഹായങ്ങളും ഒരുക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാന സാങ്കേതിക പ്രശ്നത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം യാത്ര പൂർത്തിയാക്കാനാകാതെ തിരിച്ചിറക്കുന്നത് ഇത് രണ്ടാം തവണയാണ്. മാർച്ചിൽ ദില്ലി-വാൻകൂവർ സർവീസും ഒൻപത് മണിക്കൂർ പറന്നതിന് ശേഷം തിരിച്ചിറക്കിയിരുന്നു.






























































































































































































































































































































































































