ബ്രിട്ടനിലെ സൗത്ത്ഹെൻഡിൽ ടേക്ക് ഓഫ് ശേഷം വിമാനം വീണു തീപിടിച്ചു; വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു
ബ്രിട്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫിന് പിന്നാലെ ഒരു ചെറുവിമാനം തകർന്നുവീണു. തകർച്ചയ്ക്കുശേഷം വിമാനം അഗ്നിഗോളമായി മാറിയതായി ദൃക്‌സാക്ഷികൾ പറയുന്നു. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി200 എന്ന ഈ യാത്രാവിമാനം നെതർലാൻഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിൽപ്പെട്ടത്.
വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം 12 മീറ്റർ നീളമുള്ള ചെറുവിമാനമാണിത്. അപകടത്തെ തുടർന്ന് എംപിയായ ഡേവിഡ് ബർട്ടൺ സാംപ്സൺ പൊതുജനങ്ങളെ സ്ഥലത്തുനിന്ന് ഒഴിയാൻ അഭ്യർഥിച്ചു. എമർജൻസി സർവീസുകൾ സംഭവസ്ഥലത്ത് അടിയന്തിരപ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഈസി ജെറ്റ് ഉൾപ്പെടെയുള്ള വിമാനങ്ങൾ സൗത്ത്ഹെൻഡ് വിമാനത്താവളത്തെ ബേസ് ആയി ഉപയോഗിക്കുന്നു. ഓരോ ആഴ്ചയിലും 20 പാതകളിലായി 122 സർവീസുകൾ ഈസി ജെറ്റ് നടത്തുന്നു. അപകടത്തെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്ന് പാരിസ്, അലികാന്റെ, ഫറോ, പാൽമ, മല്ലോർക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി റദ്ദാക്കി.
ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് നൽകിയ വിവരപ്രകാരം, ഒരു മുതിർന്ന പാരാമെഡിക് ഉൾപ്പെടെ നാലു പേരടങ്ങുന്ന അടിയന്തിര മെഡിക്കൽ സംഘമാണ് സംഭവസ്ഥലത്ത് ഇടപെടുന്നത്. സംഭവം ഗുരുതരമായതാണ് എന്നാണ് സൗത്ത്ഹെൻഡ് വിമാനത്താവള വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.









































































































































































































































































































































