ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ‘IQ Man’ അജി ആർ
കേരളത്തിന്റെ ‘IQ Man’ എന്നറിയപ്പെടുന്ന കൊല്ലം കുണ്ടറ സ്വദേശി അജി ആർ ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. വെറും നാല് മിനിറ്റ് കൊണ്ട് ഏറ്റവും നീളമുള്ള നമ്പർ ശ്രേണി കൃത്യമായി ഓർമിച്ച് പറഞ്ഞതാണ് റെക്കോർഡിന്റെ അടിസ്ഥാനം. സ്‌ക്രീനിൽ പ്രദർശിപ്പിച്ച 48 നമ്പറുകൾ നാല് മിനിറ്റിനകം മനപ്പാഠമാക്കിയാണ് അജി ഈ നേട്ടം കൈവരിച്ചത്.
വിദേശത്തുള്ള വിദ്യാർത്ഥികളുമായി സംവദിക്കാനും കഴിവുകൾ പങ്കുവെയ്ക്കാനുമായി നടത്തിയ വിമാനയാത്രയ്ക്കിടെ ഗിന്നസ് റെക്കോർഡ് ലഭിച്ചതായി അറിയിപ്പ് ലഭിച്ചു. യാത്രയ്ക്കിടെ ക്യാപ്റ്റൻ, ക്യാബിൻ ക്രൂ അംഗങ്ങൾ, സഹയാത്രികർ എന്നിവർ ചേർന്ന് അജിക്ക് ആകാശത്ത് തന്നെ ആദരവ് നൽകി.
ഷാർജയിലെ പുസ്തകോത്സവത്തിൽ അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് പുരസ്കാരം നേടിയതിനു പിന്നാലെയാണ് ഇരട്ട സന്തോഷമായി ഗിന്നസ് റെക്കോർഡും ലഭിച്ചത്.
IQED Learning System സ്ഥാപകനായ അജി, 33 പിഎസ്‌സി പരീക്ഷകൾ വിജയിക്കുകയും 2 തവണ UPSC മെയിൻസിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റലിജൻസ് ബ്യൂറോയും ബാങ്ക് പരീക്ഷകളും ഫൈനൽ ലിസ്റ്റിലും ഇടം നേടിയ അദ്ദേഹം, വനം വകുപ്പിലാണ് ജോലി തിരഞ്ഞെടുക്കിയത്.
ഗണിതശാസ്ത്രവും ഓർമ്മ ശേഷിയും വികസിപ്പിക്കുന്നതിനായി ജീവിതം മുഴുവൻ സമർപ്പിച്ച അജി, വിദേശത്തെ ഗവേഷണ ഓഫറുകൾ നിരസിച്ച് ബാംഗ്ലൂർ നിംഹാൻസിനൊപ്പം ഗവേഷണ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.
പാകിസ്ഥാൻ സ്വദേശിക്ക് കൈവശമുണ്ടായിരുന്ന — നാല് സെക്കന്റിൽ 30 നമ്പറുകൾ ഓർത്തുപറയുന്ന — ഗിന്നസ് റെക്കോർഡാണ് അജി തകർത്ത് പുതിയ ഉയരം നേടിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസം നേടിയ, ലോറി ഡ്രൈവറായ അച്ഛന്റെയും തൊഴിലുറപ്പ് ജോലിക്കാരായ അമ്മയുടെയും മകനായ അജി ബാല്യത്തിലേ ഗണിതശാസ്ത്രത്തിലും ഓർമ്മശേഷിയിലും കഴിവുകൾ വളർത്തുകയായിരുന്നു.
IQED എന്ന തന്റെ ആശയം ഉപയോഗിച്ച് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി പഠനരീതികളും മെമ്മറി ടെക്നിക്കുകളും വികസിപ്പിക്കുന്ന അജി, സ്ക്രീനിൽ കാണുന്ന നമ്പറുകൾ വേഗത്തിൽ ഓർത്തെടുക്കുകയും മുന്നോട്ടും പിന്നോട്ടും പറയുകയും ചെയ്യുന്നതിനുള്ള കഴിവിൽ അതുല്യനാണ്.
കേരളത്തിനും ഇന്ത്യക്കുമുള്ള അഭിമാനമായി മാറിയ അജി ആർ, ഗിന്നസ് വർക്കോൾഡ്സ്, അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവർ അടക്കം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വനം വകുപ്പിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായി ജോലി ചെയ്യുന്ന അജി, ഇപ്പോൾ കുട്ടികൾക്ക് ഈ വിദ്യ പകർന്നു നൽകാനായി അഞ്ചുവർഷത്തെ അവധിയിലാണ്.









































































































































































































































































































































