എത്യോപ്യയിലെ സ്ഫോടനം: അഗ്നിപർവത ചാരമേഘം ഇന്ത്യയിൽ നിന്ന് പിന്മാറുന്നു; വിമാന സർവീസുകൾക്ക് ജാഗ്രത
ദില്ലി: എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന അഗ്നിപർവത ചാരമേഘം ചൈനയുടെ ദിശയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകിട്ട് 7.30ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും പൂർണമായും ഒഴിയുമെന്നാണ് വിഭാഗത്തിന്റെ വിലയിരുത്തൽ. വടക്കൻ ഇന്ത്യയിലേക്ക് എത്തിയ കട്ടിയുള്ള ചാരപടലം ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് പുതിയ വിവരം.
ചാരമേഘങ്ങൾ കാരണം കൊച്ചിയിലേക്കുള്ളതടക്കം പല വിമാന സർവീസുകളും റദ്ദാക്കേണ്ടി വന്നിരുന്നു. ചാരത്തിന്റെ വ്യാപനം പറക്കൽ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്ന് നാല് ആഭ്യന്തര സർവീസുകൾ റദ്ദാക്കി — ചെന്നൈ–മുംബൈ, ഹൈദരാബാദ്–മുംബൈ, കൊൽക്കത്ത–മുംബൈ, ഹൈദരാബാദ്–ദില്ലി.
ഏകദേശം 12,000 വർഷത്തിന് ശേഷം പൊട്ടിത്തെറിച്ച ഹെയ്ലി ഗുബ്ബി അഗ്നിപർവതത്തിന്റെ ചാരപ്പടലം അഫാർ പ്രദേശങ്ങളിലെ ഗ്രാമങ്ങളെ മൂടി. തുടർന്നു ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ ഇത് വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ചാരമേഘത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് മേഖലകളിലേക്കും എത്തി. എന്നാൽ മുകളിലെ അന്തരീക്ഷതലത്തിലാണ് പുകപടലം നിലകൊള്ളുന്നതെന്നതിനാൽ വായുവിന്റെ ഗുണനിലവാരത്തിൽ വലിയ ഇടിവില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
വിമാന സർവീസുകൾക്ക് ജാഗ്രതാ നിർദേശം
അഗ്നിപർവത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്താൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം. തുടങ്ങി നിരവധി കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
ഡിജിസിഎ എയർലൈനുകൾക്ക് ചാരമേഘ പടലം മൂടിയ പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് റൂട്ടിംഗ്, ഇന്ധന അളവ്, ഫ്ലൈറ്റ് പ്ലാനിംഗ് എന്നിവയിൽ മാറ്റം വരുത്താനും നിർദേശം നൽകി. എൻജിൻ പ്രവർത്തനത്തിൽ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്.
റൺവേ, ടാക്സിവേ, അപ്രോൺ എന്നിവിടങ്ങളിൽ ചാരത്തിന്റെ സാന്നിധ്യം കണ്ടാൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.









































































































































































































































































































































