മാർച്ച്‌ 7, 2026
#latest news #News

ക്രിസ്മസ് ആഘോഷത്തിൽ ആർ.എസ്.എസ് ‘ഗണഗീതം’ പാടാനുള്ള നീക്കം: ഭരണഘടനാ വിരുദ്ധമെന്ന് ഡോ. ജോൺ ബ്രിട്ടാസ്, കേന്ദ്രമന്ത്രിക്ക് കത്ത്

John Brittas opposes RSS Ganageetham at Christmas event

കേരള പോസ്റ്റൽ സർക്കിളിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിനിടെ ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. സംഭവത്തിൽ ഇടപെട്ട എംപി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്കും കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനും കത്ത് നൽകി.

തിരുവനന്തപുരം പോസ്റ്റൽ മേഖല ആസ്ഥാനത്ത് നാളെ (ഡിസംബർ 18, 2025) നടക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ആവശ്യം ഉയർന്നത്. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസിന് കീഴിലുള്ള ഭാരതീയ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് എംപ്ലോയീസ് യൂണിയൻ ഈ ആവശ്യവുമായി വകുപ്പ് അധികൃതർക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ.

കത്തിൽ, “ദേശസ്നേഹം ഊട്ടി ഉറപ്പിക്കുക” എന്ന പേരിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കണം, എല്ലാ ജീവനക്കാരുടെയും പങ്കാളിത്തം നിർബന്ധമാക്കണം, പരിപാടി വീഡിയോയായി ചിത്രീകരിച്ച് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ നീക്കമാണ് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയത്.

ഡോ. ജോൺ ബ്രിട്ടാസ് എംപി തന്റെ കത്തിൽ വ്യക്തമാക്കുന്നത്, “ദേശസ്നേഹം” എന്ന പേരിൽ ഒരു പ്രത്യേക സംഘടനയുടെ രാഷ്ട്രീയ–ആശയധാരയെ മഹത്വവൽക്കരിക്കുന്നത് ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണെന്നതാണ്. യഥാർത്ഥ ദേശസ്നേഹം ഭരണഘടനയോടുള്ള പ്രതിബദ്ധതയിലൂടെയാണ് പ്രകടമാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വിഭാഗത്തിന്റെ മതാഘോഷവുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സർക്കാർ പരിപാടിയിൽ ആർ.എസ്.എസ് പോലുള്ള സംഘടനയുമായി ബന്ധപ്പെട്ട ഗണഗീതം ഉൾപ്പെടുത്തുന്നത് യോജിച്ചതല്ലെന്നും എംപി അഭിപ്രായപ്പെട്ടു. സർക്കാർ ഓഫീസിൽ സംഘടിപ്പിക്കുന്ന ഒരു ചടങ്ങിന്റെ ഭാഗമായി, ഒരു പ്രത്യേക രാഷ്ട്രീയ–ആശയധാരയോട് ബന്ധമുള്ള ഗാനത്തെ ഉൾപ്പെടുത്താനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ, കേരള പോസ്റ്റൽ സർക്കിളിലെ ക്രിസ്മസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കാനുള്ള ഏതൊരു അനുമതിയും നൽകാതിരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ഡോ. ജോൺ ബ്രിട്ടാസ് അടിയന്തരമായി ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളുടെ മതേതര സ്വഭാവം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കത്തിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

സംഭവം സംസ്ഥാനതലത്തിലും ദേശീയതലത്തിലും രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുമെന്നാണ് സൂചന. ഔദ്യോഗിക സർക്കാർ പരിപാടികളിൽ മത–രാഷ്ട്രീയ നിഷ്പക്ഷത എത്രത്തോളം പാലിക്കപ്പെടുന്നു എന്ന ചോദ്യവും ഇതോടെ വീണ്ടും ഉയർന്നിരിക്കുകയാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു