മാർച്ച്‌ 7, 2026
#latest news

അമേരിക്കൻ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ; രാജ്യവ്യാപക സുരക്ഷാ ജാഗ്രത

കാരക്കാസ്: അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച പുലർച്ചെ വെനസ്വേലയുടെ വിവിധ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ശക്തമായ ഉഗ്രസ്ഫോടനങ്ങൾ കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മദൂറോ രാജ്യത്തെ അഭിസംബോധന ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും പരമാവധി ജാഗ്രത നിർദേശം നൽകുകയും ചെയ്തു.

പ്രാദേശിക സമയം പുലർച്ചെ ഏകദേശം 1.50 ഓടെയാണ് ആദ്യമായി പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടതെന്നാണ് റിപ്പോർട്ടുകൾ. കാരക്കാസ്, മിറാണ്ട, ആരഗുവ, ലാ ഗുയ്ര എന്നീ പ്രദേശങ്ങളിൽ ആക്രമണം ഉണ്ടായതായും വെനസ്വേലൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സർക്കാർ കെട്ടിടങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും ചുറ്റുമുള്ള മേഖലകളിൽ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ വിന്യസിച്ചിട്ടുണ്ട്.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ആക്രമണമാണിതെന്ന് ആരോപിച്ചു. എണ്ണ വിഭവങ്ങൾ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കത്തെ ജനങ്ങളും സൈന്യവും ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിക്കോളാസ് മദൂറോ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്ക ഏതറ്റംവരെയും പോകുമെന്ന നിലപാടിലാണെന്ന് വെനസ്വേലൻ സർക്കാർ കുറ്റപ്പെടുത്തുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിന് മുമ്പേ വ്യോമപാത വിലക്കിയുള്ള മുന്നറിയിപ്പ്

ആക്രമണത്തിന് തൊട്ടുമുമ്പായി തന്നെ അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) യുഎസ് വിമാനങ്ങൾക്ക് വെനസ്വേലൻ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു എന്നതാണ് ശ്രദ്ധേയം. സുരക്ഷാ സാഹചര്യം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ നാല് പ്രത്യേക നോട്ടീസുകളാണ് FAA പുറത്തിറക്കിയത്. സൈനിക നടപടികൾ മൂലം മേഖല സുരക്ഷിതമല്ലെന്നും വിമാനങ്ങൾ പ്രവേശിക്കരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

FAA നോട്ടീസിൽ സൂചിപ്പിച്ച നാല് മേഖലകളിലാണ് പിന്നീട് വ്യാപകമായ വ്യോമാക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ആക്രമണം ഏത് സൈനിക ശക്തിയാണ് നടത്തിയതെന്ന കാര്യത്തിൽ FAA വ്യക്തത വരുത്തിയിരുന്നില്ല. ഇതോടെ ആക്രമണം മുൻകൂട്ടി അറിഞ്ഞ് സ്വീകരിച്ച നടപടിയാണോ വ്യോമപാത വിലക്ക് എന്ന സംശയം ശക്തമാവുകയാണ്.

അന്താരാഷ്ട്ര തലത്തിൽ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണ്. ലാറ്റിൻ അമേരിക്കൻ മേഖലയിൽ വലിയ സംഘർഷത്തിലേക്കുള്ള നീക്കമാണോ ഇതെന്ന് ആശങ്ക ഉയരുന്നതിനിടെയാണ് വെനസ്വേലയിൽ അടിയന്തരാവസ്ഥ തുടരുന്നത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു