സ്പെയിനിൽ വീണ്ടും ട്രെയിൻ ദുരന്തം: തകർന്ന മതിലിൽ ഇടിച്ച് ട്രെയിൻ കയറി, ലോക്കോ പൈലറ്റ് മരിച്ചു
ബാർസിലോണ:
സ്പെയിനിൽ വീണ്ടും ഗുരുതരമായ ട്രെയിൻ അപകടം. ബാർസിലോണയ്ക്ക് സമീപമുള്ള കാറ്റലോണിയ മേഖലയിലെ ഗെലിഡ നഗരത്തിൽ ട്രെയിൻ പാളത്തിലേക്ക് ഇടിഞ്ഞുവീണ മതിലിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ലോക്കോ പൈലറ്റ് ദാരുണമായി മരണപ്പെടുകയും, ഏകദേശം 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് റെയിൽ പാളത്തിനരികിലെ സംരക്ഷണ മതിൽ തകർന്നുവീഴുകയും, അതേ സമയം അതുവഴി കടന്നുപോയ ട്രെയിൻ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ച് കയറുകയുമായിരുന്നു. ശക്തമായ ഇടിയേറ്റ് ട്രെയിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടവിവരം അറിഞ്ഞതോടെ പ്രദേശത്ത് വൻ രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്. 38 അഗ്നിശമന വാഹനങ്ങളും 20ലധികം ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നിലവിൽ മതിലിനടിയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പാളത്തിനും തകർന്ന മതിലിനുമിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
കാറ്റലോണിയയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയാണ് അപകടകാരണമെന്നാണ് സ്പെയിനിലെ റെയിൽ ഓപ്പറേറ്റർ ഔദ്യോഗികമായി അറിയിച്ചത്. മഴയെത്തുടർന്ന് മണ്ണിടിച്ചിലും മതിൽ തകർച്ചയും സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതേ പാതയിലൂടെയുള്ള എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി റദ്ദാക്കി.
അടുത്തടുത്ത ദിവസങ്ങളിലുണ്ടായ ട്രെയിൻ അപകടങ്ങൾ സ്പെയിനിലെ റെയിൽ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ദിവസങ്ങൾക്കുമുമ്പ് മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ നടുക്കിയിരുന്നു. ആ അപകടത്തിൽ മരിച്ചവർക്കായി ദേശീയ ദുഃഖാചരണം നടക്കുന്നതിനിടെയാണ് ബാർസിലോണയ്ക്ക് സമീപം വീണ്ടും ദുരന്തമുണ്ടായത്.
റെയിൽ ഗതാഗത മേഖലയിലേക്ക് ആവശ്യമായ ഫണ്ടുകൾ അനുവദിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന വിമർശനങ്ങളും ശക്തമാകുകയാണ്. അതിവേഗ ട്രെയിനുകൾ സമയക്രമം കൃത്യമായി പാലിക്കുന്ന രാജ്യമായി അറിയപ്പെടുന്ന സ്പെയിനിൽ, സാധാരണ ട്രെയിനുകളുടെ പരിപാലനത്തിലും സുരക്ഷാ സംവിധാനങ്ങളിലും പോരായ്മകളുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. യാത്രക്കാർക്ക് പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്യുന്ന അപകടങ്ങൾ സ്പെയിനിൽ അപൂർവമാണെങ്കിലും, അടുത്ത കാലത്തുണ്ടായ തുടർച്ചയായ ദുരന്തങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽ പാതകളുടെയും സംരക്ഷണ മതിലുകളുടെയും സുരക്ഷ പുനഃപരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.








































































































































































































































































































































