മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കും; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും
ഇംഫാൽ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും രാഷ്ട്രപതി ഭരണത്തിനും വിരാമമിട്ട് മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി യുംനാം ഖേംചന്ദ് സിങ് ബിജെപി ദേശീയ നേതാക്കളോടൊപ്പം രാജ്ഭവനിലെത്തി ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ രൂപീകരണം, അധികാര വിഭജനം, ഭരണപരമായ മുൻഗണനകൾ തുടങ്ങിയ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് സൂചന.
മെയ്തെയ്–കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ സംഘർഷത്തെ തുടർന്നാണ് മണിപ്പൂരിൽ ക്രമസമാധാനനില പൂർണമായും തകർന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഏകദേശം ഒരു വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട് 2025 ആഗസ്റ്റ് 13 മുതൽ ആറുമാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടിയിരുന്നു.
രാഷ്ട്രപതി ഭരണകാലത്ത് സംസ്ഥാന നിയമസഭ താൽക്കാലികമായി നിർത്തിവയ്ക്കുകയും, വംശീയ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനും ജനജീവിതം സാധാരണ നിലയിലാക്കുന്നതിനുമായി ഗവർണറുടെ മേൽനോട്ടത്തിൽ കേന്ദ്ര സേനയെ വ്യാപകമായി വിന്യസിക്കുകയും ചെയ്തിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ സമാധാന പുനഃസ്ഥാപനവും വികസന പ്രവർത്തനങ്ങളും വേഗത്തിലാക്കുമെന്ന് ഭരണകക്ഷി നേതൃത്വം വ്യക്തമാക്കി.
പുതിയ മന്ത്രിസഭയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയാണ് സർക്കാർ രൂപീകരിച്ചതെന്നത് സംസ്ഥാനത്ത് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സർക്കാരിന്റെ ആദ്യ വെല്ലുവിളി സംസ്ഥാനത്ത് സ്ഥിരമായ സമാധാനവും വിശ്വാസവും പുനഃസ്ഥാപിക്കലായിരിക്കും.









































































































































































































































































































































