മാർച്ച്‌ 7, 2026
#latest news #News

ബൈക്ക് യാത്രികരെ ഇടിച്ച് നിർത്താതെ പോയ സംഭവം; നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Maniyanpilla Raju Arrested

തിരുവനന്തപുരം: വഴുതക്കാട് ബൈക്ക് യാത്രികരെ കാർ ഇടിച്ച് അപകടം സൃഷ്ടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായ താരത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കണോ എന്നത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളയമ്പലം–തമ്പാനൂർ റോഡിൽ കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. യു-ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. റോയൽ എൻഫീൽഡ് ഹണ്ടർ 350 ബൈക്കിലാണ് യുവാക്കൾ യാത്ര ചെയ്തിരുന്നത്.

അപകടത്തിൽ സൂരജിന് കാലിന് പൊട്ടലും നിവേദിന് ഇരുകാലുകളിലും അസ്ഥി ഒടിവും സംഭവിച്ചിട്ടുണ്ട്. ഒരാൾക്ക് നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ കാർ നിർത്താതെ പോയതോടെയാണ് ഹിറ്റ് ആൻഡ് റൺ കേസായി അന്വേഷണം ആരംഭിച്ചത്. കാറിന്റെ ആർസി ഉടമയായി രേഖപ്പെടുത്തിയിരുന്നത് സുധീർ കുമാർ രാജു എന്ന പേരിലായിരുന്നെങ്കിലും, തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനം മണിയൻപിള്ള രാജുവിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കാർ താൻ തന്നെയാണ് ഓടിച്ചിരുന്നതെന്ന് മണിയൻപിള്ള രാജു പൊലീസിനോട് പറഞ്ഞു.

മൊഴിയിൽ, ബൈക്ക് അമിത വേഗത്തിൽ വന്നാണ് തന്റെ വാഹനത്തിലിടിച്ചതെന്നും ശബ്ദം കേട്ടതോടെ പരിഭ്രമിച്ചെന്നും താരം പറഞ്ഞു. കാൻസർ രോഗിയായതിനാൽ പാനിക്കിലായി കാർ നിർത്താതെ പോയത് തെറ്റായിപ്പോയെന്ന് അദ്ദേഹം സമ്മതിച്ചു. തുടർന്ന് സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിക്കുകയും ആംബുലൻസ് ക്രമീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായും മണിയൻപിള്ള രാജു പറഞ്ഞു.

നിലവിൽ അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കൽ, പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാതിരിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, ആവശ്യമായാൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു