ഫെബ്രുവരി 12: 24 മണിക്കൂർ ദേശീയ പണിമുടക്ക് അർധരാത്രി മുതൽ; കേരളം പൂർണമായി സ്തംഭിക്കുമെന്ന മുന്നറിയിപ്പ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ ആരംഭിക്കും. സംസ്ഥാനത്ത് വ്യാപകമായ പിന്തുണ ലഭിച്ചിരിക്കുന്നതിനാൽ കേരളം പൂർണമായും സ്തംഭിക്കുമെന്നാണ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക, സ്വകാര്യവത്കരണ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിന് പിന്നിൽ. വ്യവസായ, കാർഷിക, വാണിജ്യ, വ്യാപാര മേഖലകൾ 24 മണിക്കൂറും പ്രവർത്തനരഹിതമാകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ വ്യക്തമാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കിയിട്ടുണ്ട്. പാൽ വിതരണം, പത്രം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് സർവീസുകൾ എന്നിവയെ അത്യാവശ്യ സേവനങ്ങളായി ഒഴിവാക്കിയിട്ടുണ്ട്.
ഷോപ്പിങ് മാളുകൾ, സ്പെഷൽ ഇക്കണോമിക് സോണുകൾ, ചെറുകിട-വലിയ വ്യവസായങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഐടി മേഖല, തുറമുഖങ്ങൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിങ് തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓട്ടോ, ബസ്, ലോറി, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗത രംഗം വ്യാപകമായി ബാധിക്കാനാണ് സാധ്യത. കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും.
സംയുക്ത കർഷകമോർച്ച, കർഷക തൊഴിലാളി സംഘടനകൾ, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക്, റയിൽവേ, പ്രതിരോധം, വൈദ്യുതി, തോട്ടം മേഖല, ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികൾ എന്നിവരും പണിമുടക്കിൽ പങ്കെടുക്കും.
ഇതിനിടെ, ഫെബ്രുവരി 12ന് നടക്കുന്ന പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ലെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവനും ജനറൽ സെക്രട്ടറി എസ്. രാജേഷും അറിയിച്ചു. സംസ്ഥാന ജീവനക്കാരുമായി ബന്ധമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്കാണിതെന്ന് അവർ ആരോപിച്ചു.
പണിമുടക്കിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകാനിടയുണ്ട്. പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.



















































































































































































































































































































































































