മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; ശസ്ത്രക്രിയയ്ക്ക് പിന്നാലെ വയോധികയുടെ കാലിൽ ഗുരുതര പ്രശ്നം
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന പരാതിയുമായി രോഗിയുടെ കുടുംബം രംഗത്ത്. കാലുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ വയോധികയുടെ ശസ്ത്രക്രിയയ്ക്കിടെ കാലിലെ ഞരമ്പുകൾ മുറിച്ചുമാറ്റിയെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് രോഗിയുടെ ആരോഗ്യനില ഗുരുതരമായതായി ബന്ധുക്കൾ അറിയിച്ചു.
നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ പാർവതി (73) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. മെയ് 12-നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ഇവർക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ കാലിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഡോക്ടർമാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ രോഗിയുടെ കാലിലേക്കുള്ള രക്തയോട്ടം പൂർണമായി നിലച്ചതായി കണ്ടെത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ഈ വിവരം മറച്ചുവെച്ച് രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. പിന്നാലെ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇതിനോടകം രോഗിക്ക് മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാൽ മുറിച്ചുമാറ്റേണ്ട സാഹചര്യമാണിപ്പോഴെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ വിശദമായ പരിശോധന നടത്തിയ ശേഷമേ പ്രതികരിക്കാനാകൂവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
































































































































































































































































































































































































