പൂണെയിൽ വിഷമദ്യ ദുരന്തം; 15 പേർ മരിച്ചു, നിരവധി പേർ ചികിത്സയിൽ
മഹാരാഷ്ട്രയിലെ പൂണെയിൽ വൻ വിഷമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് 15 പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മെഥനോൾ കലർന്ന മദ്യമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ കൂടുതലും 30നും 60നും ഇടയിൽ പ്രായമുള്ളവരാണ്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്തതായി കണ്ടെത്തിയ യോഗേഷ് വാങ്കടെയെ എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഇതുവരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും രക്തസാമ്പിളുകളും മദ്യസാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഷമദ്യ വിതരണം സംബന്ധിച്ച മുന്നറിയിപ്പുകൾ ഉണ്ടായിട്ടും പൊലീസ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് എൻസിപി നേതാവ് രോഹിത് പവാർ ആരോപിച്ചു. പൂനെ സിറ്റി പൊലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.
































































































































































































































































































































































































