സിബിഎസ്ഇ ത്രിഭാഷാ പഠനം: ഒമ്പതാം ക്ലാസിൽ പുതിയ ഭാഷ നിർബന്ധമാക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: സിബിഎസ്ഇയിലെ ത്രിഭാഷാ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി പഠിക്കാൻ നിർബന്ധിക്കുന്നത് അനാവശ്യമായ മാനസിക സമ്മർദത്തിന് ഇടയാക്കാമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾക്ക് പുതിയ ഭാഷ പരിചയപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ആറാം ക്ലാസ് മുതൽ ആരംഭിക്കുന്നതാണ് കൂടുതൽ പ്രായോഗികമെന്നും കോടതി നിരീക്ഷിച്ചു.
തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമർശം.
അതേസമയം, നിലവിലെ ഹർജിയിൽ ത്രിഭാഷാ നയത്തിന്റെ ഭരണഘടനാപരമായ സാധുത നേരിട്ട് പരിശോധിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വീണ്ടും പരിഗണിക്കും.














































































































































































































































































































































































































































