സിബിഎസ്ഇ പുനർമൂല്യനിർണയം: കോഎംപ്റ്റ് തുടരും; സൈബർ ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ നടപടികളിൽ സ്വകാര്യ ഏജൻസിയായ കോഎംപ്റ്റ് തുടരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുനർമൂല്യനിർണയത്തിനായി ഒഎസ്എം (OSM) പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുക. കോഎംപ്റ്റിന്റെ സെർവറുകളിൽ സൂക്ഷിച്ചിരുന്ന ഉത്തരക്കടലാസുകളുടെയും അനുബന്ധ രേഖകളുടെയും വിവരങ്ങൾ സിബിഎസ്ഇയുടെ സെർവറുകളിലേക്ക് സുരക്ഷിതമായി മാറ്റിയതായും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ, പുനർമൂല്യനിർണയ പോർട്ടലിന് നേരെയുണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ഡൽഹി പൊലീസിൽ പരാതി നൽകി. ഡൽഹി പൊലീസിന്റെ സൈബർ വിഭാഗമായ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) വിഭാഗത്തിലാണ് പരാതി നൽകിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പോർട്ടലിനെ ലക്ഷ്യമിട്ട് ആവർത്തിച്ചുള്ള സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമുള്ള വിവിധ ഐപി വിലാസങ്ങളിൽ നിന്നാണ് ആക്രമണശ്രമങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ടിലെ സെക്ഷൻ 66, സെക്ഷൻ 43(എഫ്) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ഐഎഫ്എസ്ഒ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അതേസമയം, സിബിഎസ്ഇയുടെ സിസ്റ്റങ്ങളും ഡാറ്റാബേസുകളും സുരക്ഷിതമാണെന്നും ഇതുവരെ ഡാറ്റ ചോർച്ചയോ അനധികൃത പ്രവേശനമോ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് തടസമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു.














































































































































































































































































































































































































