സോഷ്യൽ മീഡിയയിൽ നിന്ന് തെരുവിലേക്കോ? ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രതിഷേധം നാളെ
ദില്ലി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP)യുടെ ആദ്യ പൊതുപ്രതിഷേധം നാളെ ദില്ലിയിൽ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ദില്ലി പൊലീസ്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട നീക്കങ്ങൾ സജീവമായിരിക്കുന്നത്.
ആദ്യം വിമാനത്താവളത്തിലേക്ക് പിന്തുണക്കാർ എത്തണമെന്നായിരുന്നു ആഹ്വാനം. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലേക്ക് എത്തേണ്ടതില്ലെന്നും പകരം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധത്തിന് അനുമതി തേടാനാണ് തീരുമാനമെന്നും അഭിജിത് ദീപ്കേ അറിയിച്ചു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും ഭരണഘടനാപരമായ മാർഗങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
സിപിഐ ഉൾപ്പെടെ ചില രാഷ്ട്രീയ സംഘടനകളും വിവിധ സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ പാർട്ടി ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതികരിച്ചു.
അതേസമയം, പ്രതിഷേധത്തിനെതിരെ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി തള്ളി. പൊതുസുരക്ഷയും നിയമക്രമവും ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ദില്ലി പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ നേടിയ ഈ പ്രസ്ഥാനം തെരുവിലും സമാനമായ ജനപിന്തുണ നേടുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും പൊതുസമൂഹവും ഉറ്റുനോക്കുന്നത്.










































































































































































































































































































































































































