എൻഎച്ച്എം ജീവനക്കാരുടെ കരാർ കാലാവധി 3 മാസമായി ചുരുക്കി; പ്രതിഷേധവുമായി സിഐടിയു
തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ (NHM) ആരോഗ്യപ്രവർത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തേക്ക് പുതുക്കിയിരുന്ന കരാർ കാലാവധി മൂന്ന് മാസമായി കുറച്ചുകൊണ്ടുള്ള ഉത്തരവ് എൻഎച്ച്എം സംസ്ഥാന ഡയറക്ടർ പുറത്തിറക്കി.
പുതിയ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിലൊരിക്കൽ ജീവനക്കാരുടെ പ്രകടന വിലയിരുത്തൽ (Performance Appraisal) നടത്തി കരാർ പുതുക്കേണ്ട സാഹചര്യമുണ്ടാകും. ഇതോടെ വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
സംസ്ഥാനത്ത് ഏകദേശം 17,000 എൻഎച്ച്എം ജീവനക്കാരാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നത്. നിപ, കോവിഡ് പോലുള്ള ആരോഗ്യ പ്രതിസന്ധി ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച ആരോഗ്യപ്രവർത്തകരെ ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് സിഐടിയു ആരോപിച്ചു. 19 വർഷമായി സേവനം ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷയെ ഇത് ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സർക്കാരിന്റെ 40 ശതമാനവും കേന്ദ്ര സർക്കാരിന്റെ 60 ശതമാനവും ഫണ്ട് ഉപയോഗിച്ചാണ് നാഷണൽ ഹെൽത്ത് മിഷൻ പ്രവർത്തിക്കുന്നത്. പുതിയ ഉത്തരവിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും ജീവനക്കാരിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്ന നടപടിയാണിതെന്നും ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.
സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) അറിയിച്ചു.






































































































































































































































































































































































































